ഓച്ചിറയില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ഓച്ചിറ: ഓച്ചിറയില്‍നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്തു

പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരമാണ് പോലീസില്‍നിന്നു ലഭിക്കുന്നത്. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, മുഹമ്മദ് റോഷനും പെണ്‍കുട്ടിയും ട്രെയിന്‍മാര്‍ഗം എറണാകുളത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ഒരു സംഘം ബെംഗളുരുവിലേക്ക് പോയി. എന്നാല്‍ ഇരുവരും പോലീസിന്റെ കയ്യില്‍നിന്ന് വഴുതിപ്പോവുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയും റോഷനും മുംബൈയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെ മാത്രമായിരുന്നു പിടികിട്ടാനുണ്ടായിരുന്നത്. അതേസമയം പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് പതിനഞ്ചുവയസ്സാണെന്നാണ് കുടുബത്തിന്റെ വാദം. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകളൊന്നും രക്ഷിതാക്കളുടെ പക്കലിലല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പതിനെട്ടു വയസ്സുണ്ടെന്നാണ് മുഹമ്മദ് റോഷന്റെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7