യുവരാജിന്റെ ചെറുത്തുനില്‍പ്പ് വെറുതെയായി; ഡല്‍ഹിക്ക് ജയം

മുംബൈ: ഐപിഎല്ലില്‍ യുവി പൊരുതിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റണ്‍മല കടക്കാനാവാതെ മുംബൈ ഇന്ത്യന്‍സ്. 213 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 37 റണ്‍സിന് തോറ്റു. മുംബൈയുടെ പോരാട്ടം ഓവറില്‍ 176ന് അവസാനിച്ചു. യുവ്‌രാജ് 35 പന്തില്‍ 53 റണ്‍സെടുത്തു. സ്‌കോര്‍ ഡല്‍ഹി213/6, മുംബൈ 176/10. ഇശാന്തും റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ക്വിന്റന്‍ ഡികോക്ക് അക്രമണോത്സുകത കാട്ടിയെങ്കിലും മുംബൈ ഇന്ത്യന്‍സിന് തുടക്കം ശോഭനമായിരുന്നില്ല. നാലാം ഓവറില്‍ രോഹിതിനെ(14) ഇശാന്ത് പുറത്താക്കി. ഇശാന്തിന്റെ തന്നെ ആറാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവ്(2) റണ്‍ഔട്ട്. അഞ്ചാം പന്തില്‍ ഡികോക്ക്(27) പുറത്ത്. വൈകാതെ പൊള്ളാര്‍ഡിനെ(13 പന്തില്‍ 21) വിന്‍ഡീസ് സഹതാരം കീമോ പോള്‍ മടക്കി.

തൊട്ടടുത്ത ഓവറില്‍ ഹര്‍ദികിനെ(0) അക്ഷാര്‍ റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. എന്നാല്‍ യുവ്‌രാജ് സിംഗിനെ കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ തകര്‍ത്തടിച്ചു. 15ാം ഓവറില്‍ ബൗള്‍ട്ട് പുറത്താക്കുമ്പോള്‍ ക്രുനാല്‍ 15 പന്തില്‍ 32 റണ്‍സെടുത്തിരുന്നു. ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന യുവ്‌രാജ് സിംഗ് 33 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ യുവി(53) പുറത്തായ ശേഷം മുംബൈ പരാജയം സമ്മതിച്ചു. മക്‌ലെനാഗന്‍ 10 റണ്ണെടുത്തപ്പോള്‍ പരിക്കേറ്റ ബുംറ ബാറ്റിംഗിനിറങ്ങിയില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. ഋഷഭ് പന്തിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 27 പന്തില്‍ ഏഴ് വീതം സിക്‌സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈയ്ക്കായി മക്‌ലെനാഗന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ശക്തമായ തിരിച്ചെത്തുകയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ(7), ശ്രേയാസ് അയ്യര്‍(16) എന്നിവര്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 29. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡല്‍ഹിയെ കരയറ്റിയ ധവാനും(43) ഇന്‍ഗ്രാമും(47) അര്‍ദ്ധ സെഞ്ചുറിക്കരികെ പുറത്തായി. കീമോ പോള്‍(3), അക്ഷാര്‍ പട്ടേല്‍(4) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

പിന്നീട് വാംഖഡെയില്‍ പിന്നീട് കണ്ടത് ഋഷഭ് പന്തിന്റെ വിളയാട്ടം. 18 പന്തില്‍ പന്ത് അര്‍ദ്ധ സെഞ്ചുറി തികച്ചു. അവസാന മൂന്ന് ഓവറില്‍ രണ്ടും എറിഞ്ഞ സ്റ്റാര്‍ പേസര്‍ ബുംറയും അടിവാങ്ങി. അവസാന മൂന്ന് ഓവറില്‍ 52 റണ്‍സ് പിറന്നു. ഡല്‍ഹി ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പന്തും(78) രാഹുലും(9) പുറത്താകാതെ നിന്നു. മുംബൈ ബൗളര്‍മാരെല്ലാം 10 റണ്‍സിലധികം ഇക്കോണമി വഴങ്ങി.

pathram:
Leave a Comment