വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”എനിക്ക് ട്വന്റി 20 ലോകകപ്പില്‍ കളിക്കണം, എന്നിട്ട് കരിയര്‍ അവസാനിപ്പിക്കണം” മലിംഗ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ 2020 ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. അതേസമയം ഈ വര്‍ഷത്തെ ഏകദിന ലോകകപ്പോടെ തന്റെ ഏകദിന കരിയറിന് അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ മലിംഗ വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെ മലിംഗയുടെ വിക്കറ്റ് നേട്ടം 97ല്‍ എത്തിയിരുന്നു. രാജ്യാന്തര ട്വന്റി 20യില്‍ കൂടുതല്‍ വിക്കറ്റുകളെന്ന ഷാഹിദ് അഫ്രീദിയുടെ (98) റെക്കോഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് താരം.

അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മലിംഗ ആദ്യ ആറ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കുന്നതിന് വേണ്ടിയാണിത്. ദേശീയ ടീമില്‍ ഇടംനേടാന്‍ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ലോകകപ്പ് ടീമില്‍ ഇടംനേടാനും ഇത് ആവശ്യമാണ്.

pathram:
Related Post
Leave a Comment