ബംറയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

ചെറിയൊരു അശ്രദ്ധയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ബുംറയെ കണ്ട് ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ ഗേറ്റ്മാനെ അവഗിണിച്ചു എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരേ വിമര്‍ശനമുയരുന്നത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ബുംറ, പരിശീലനത്തിനായി വാങ്കഡെ സ്‌റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ബുംറ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തിയ കാര്യം അറിയിക്കാനായി അവര്‍ ഇതിന്റെ വീഡിയോ എടുത്തിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആളുകള്‍ ബുംറയ്‌ക്കെതിരേ തിരിയുന്നത്.

മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് എത്തിയ ബുംറയ്ക്ക് ഒരു ഗേറ്റ്മാന്‍ ഡോര്‍ തുറന്നുകൊടുക്കുന്നുണ്ട്. ഡോര്‍ തുറന്ന ശേഷം താരത്തിനു നേരെ അദ്ദേഹം കൈകൂപ്പി ചിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഗേറ്റ്മാന്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുകയും ചെയ്തു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതിരുന്ന ബുംറ നടന്നു നീങ്ങുകയായിരുന്നു.

ഇതിനിടെ ക്യാമറയില്‍ നോക്കിയ താരം ഹായ് പറയുകയും ചെയ്തു. ഗേറ്റ്മാനെ അവഗണിച്ചതാണ് ആളുകള്‍ ബുംറയ്‌ക്കെതിരേ തിരിയാന്‍ കാരണം. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും എത്രവലിയ കളിക്കാരനായാലും എളിമ കൈവിടരുതെന്നുമാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.

ബുംറയെ അനുകൂലിച്ച് സംസാരിക്കുന്നവരുമുണ്ട്. ഗേറ്റ്മാന്‍ കൈ നീട്ടിയത് ബുംറ കണ്ടില്ലെന്ന കാര്യം വീഡിയോയില്‍ വ്യക്തമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബൗളറാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച ബൗളറെന്ന പേര് നേടാന്‍ ബുംറയ്ക്കായിരുന്നു. വരുന്ന ലോകകപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും ബുംറയിലാണ്.

pathram:
Related Post
Leave a Comment