ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും കൂടി മല്‍സരിക്കണമെന്ന ആവശ്യം ഉയരുന്നു. അമേഠിക്കൊപ്പം മറ്റൊരു മണ്ഡലം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ട്.
രാഹുല്‍ കര്‍ണാടകയില്‍ നിന്നും മല്‍സരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നു മത്സരിക്കണമെന്നു രാഹുല്‍ ഗാന്ധിയോട് അപേക്ഷിക്കുന്നു. അദ്ദേഹം ദക്ഷിണേന്ത്യയില്‍ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണം. അതിനായി കര്‍ണാടക തിരഞ്ഞെടുക്കണം’– ദിനേഷ് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചു.
പിസിസി പ്രസിഡന്റിന്റെ ആവശ്യത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി. കര്‍ണാടക എപ്പോഴും കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാര്യത്തില്‍ അതു തെളിഞ്ഞതാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നു മത്സരിച്ച് പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥും രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാന്‍ ക്ഷണിച്ചു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ നിന്നു മത്സരിച്ചിട്ടുണ്ടെന്നു പി.സി. വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമാന ആവശ്യം ഉന്നയിച്ചതായാണ് സൂചന.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1978–ല്‍ ഇന്ദിരാ ഗാന്ധി കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ നിന്നും 1999–ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധി ബെല്ലാരിയില്‍ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നേതാക്കളുടെ ആവശ്യം.
യുപിയിലെ അമേഠിയാണ് നിലവില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. ഇതിനു പുറമെ ദക്ഷിണേന്ത്യയില്‍ നിന്നു കൂടി മത്സരിക്കണമെന്നാണ് ആവശ്യം. 2014–ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലും യുപിയിലുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ചിരുന്നു.