ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഓസീസ് 273 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി. 32 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലായിരുന്ന ഓസീസിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖ്വാജയുടെ ഇന്നിങ്സാണ് ഓസീസിന് തുണയായത്. 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ബൗണ്ടറികളുമടക്കം ഖ്വാജ 100 റണ്‍സെടുത്തു. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കുറിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ഫിഞ്ചും – ഖ്വാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 43 പന്തുകള്‍ നേരിട്ട് നാലു ബൗണ്ടറികളടക്കം 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജയാണ് പുറത്താക്കിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഖ്വാജ – ഫിഞ്ച് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിന്നിടുന്നത്. പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പുമായി ചേര്‍ന്ന് ഖ്വാജ ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 99 റണ്‍സ് ചേര്‍ത്തു. 60 പന്ത് നേരിട്ട ഹാന്‍ഡ്സ്‌കോമ്പ് നാലു ബൗണ്ടറി സഹിതം 52 റണ്‍സെടുത്ത് ഷമിയുടെ പന്തില്‍ പുറത്തായി.

ഖ്വാജ പുറത്തായ ശേഷം കളം പിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 250-ല്‍ താഴെ ഒതുക്കുമെന്ന തോന്നലുയര്‍ന്നിരുന്നു. എന്നാല്‍ തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനമാണ് ഓസീസിനെ 272-ല്‍ എത്തിച്ചത്. പാറ്റ് കമ്മിന്‍സ് എട്ടു പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ജേ റിച്ചാഡ്സണ്‍ 21 പന്തില്‍ 29 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു.

ഗ്ലെന്‍ മാക്സ്വെല്‍ (1), മാര്‍ക്കസ് സ്റ്റോയ്നിസ് (20), ആഷ്ടണ്‍ ടര്‍ണര്‍ (20), അലക്സ് കാരി (3), നഥാന്‍ ലിയോണ്‍ (1*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ് 39 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7