തനിക്കെതിരേ വധഭീഷണിയുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കന്നട നടന്‍ യഷ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് അപേക്ഷിക്കുന്നതായും യഷ് ബെംഗളൂരുവില്‍ വിളച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഞാന്‍ അഡീഷണല്‍ കമ്മീഷ്ണര്‍ അലോക് കുമാറുമായി ബന്ധപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രിയോടും സംസാരിച്ചിരുന്നു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഞാന്‍ അറവുകാരനുള്ള കുഞ്ഞാടല്ല. എന്റെ കരുത്തിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് യഷ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരു പോലീസ് ഒരു സംഘം ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു കന്നട നടനെ അപായപ്പെടുത്താന്‍ അവര്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും ആ നടന്‍ യഷ് ആണെന്നും ഏതാനും പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമാമേഖലയിലുള്ള ഏതോ ഒരു വ്യക്തിയാണ് ഇതിന് പിറകിലെന്നും വാര്‍ത്തകള്‍ വന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. സിനിമയിലുള്ള ഒരു വ്യക്തിയാണ് കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് എന്ന് പറയുമ്പോള്‍ അത് നമ്മുടെ സിനിമാമേഖലയെ മൊത്തത്തില്‍ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ്. കന്നട സിനിമയില്‍ ആരോഗ്യപരമായ മത്സരമുണ്ട്, പക്ഷേ ആരും ഇത്രയും തരംതാഴുകയില്ല യഷ് കൂട്ടിച്ചേര്‍ത്തു.
കെ.ജി.എഫ് എന്ന ചിത്രത്തിലൂടെയാണ് യഷ് കന്നട സിനിമയ്ക്ക് പുറത്തും ശ്രദ്ധ നേടുന്നത്. പ്രശാന്ത കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു.