തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഓസിസ് തരിച്ചടിക്കുന്നു

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ്, തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരിച്ചുവരുന്നു. 12 റണ്‍സിനിടെ രണ്ടു വിക്കറ്റ് ഓസിസ് നഷ്ടമാക്കി. 31 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഖവാജ–ഹാന്‍ഡ്‌സ്‌കോംബ് സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തിട്ടുണ്ട്.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് (രണ്ടു പന്തില്‍ പൂജ്യം), ഷോണ്‍ മാര്‍ഷ് (10 പന്തില്‍ ആറ്) എന്നിവരാണ് പുറത്തായത്. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മാര്‍ഷിനെ ജസ്പ്രീത് ബുമ്രയും ക്ലിന്‍ ബൗള്‍ഡാക്കി. ചെറിയ ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഭുവി, ഈ വര്‍ഷം മാത്രം ഇതു മൂന്നാം തവണയാണ് ഫിഞ്ചിനെ പുറത്താക്കുന്നത്.

നേരത്തെ, ആശങ്കയേറെ സമ്മാനിച്ചൊരു ഇടവേളയ്ക്കുശേഷം ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും ബാറ്റുകള്‍ തീതുപ്പിയ ആവേശപ്പോരാട്ടത്തിലാണ് ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇന്ത്യ 359 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 358 റണ്‍സെടുത്തത്. 16–ാം ഏകദിന സെഞ്ചുറി കുറിച്ച ധവാന്റെയും (115 പന്തില്‍ 143), അര്‍ഹിച്ച സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ പുറത്തായ രോഹിത് ശര്‍മയുടെയും (92 പന്തില്‍ 95) പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 ഓവറില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇരുവരും പുറത്തായശേഷം പ്രതീക്ഷിച്ചപോലെ റണ്‍ നിരക്ക് ഉയര്‍ത്താനായില്ലെങ്കിലും ലോകേഷ് രാഹുല്‍ (31 പന്തില്‍ 26), ഋഷഭ് പന്ത് 24 പന്തില്‍ 36), വിജയ് ശങ്കര്‍ (15 പന്തില 26) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (ആറു പന്തില്‍ ഏഴ്), കേദാര്‍ ജാദവ് (12 പന്തില്‍ 10), ഭുവനശ്വര്‍ കുമാര്‍ (രണ്ടു പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചാഹല്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനായി പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്നിങ്‌സിലെ അവസാന പന്തു മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര സിക്‌സ് നേടിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് വിരാമമിട്ടത്.

pathram:
Related Post
Leave a Comment