ഒറ്റയാള്‍ പോരാട്ടം; കോഹ്ലിയുടെ സെഞ്ച്വറി പാഴായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് തോല്‍വി

റാഞ്ചി: മൂന്നാം ഏകദിനത്തില്‍ ഓസിസ് ഇന്ത്യയെ 32 റണ്‍സിന് തോല്‍പ്പിച്ചു. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 281 റണ്‍സിന് പുറത്തായി. ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി – ധോണി സഖ്യം 86 റണ്‍സ് വരെയെത്തിച്ചു. ധോണിയെ പുറത്താക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം ധോണി 26 റണ്‍സെടുത്തു.

പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി – കേദാര്‍ ജാദവ് സഖ്യം ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ 39 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ സാംപ വിക്കറ്റിനു മുന്നില്‍ കുടുക്കി. കോലിക്കൊപ്പം 88 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ജാദവ് പുറത്തായത്.

അതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏകദിനത്തിലെ 41ാം സെഞ്ചുറി തികച്ചു. കോലി പൊരുതി നോക്കിയെങ്കിലും കാര്യമായ പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. 95 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 123 റണ്‍സെടുത്ത കോലിയെ 38ാം ഓവറില്‍ ആദം സാംപ ബൗള്‍ഡാക്കുകയായിരുന്നു. പരമ്പരയിലെ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറും (32) രവീന്ദ്ര ജഡേജയും (24) ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ (14), അമ്പാട്ടി റായുഡു (2), കുല്‍ദീപ് (10), ഷമി (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിരുന്നു. കന്നി സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ, അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്.

ഒരു ഘട്ടത്തില്‍ 350ന് മുകളില്‍ പോകുമായിരുന്നു ഓസീസിനെ പിടിച്ചുകെട്ടിയത് 35 ഓവറിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്ത മികവാണ്. അവസാന 10 ഓവറില്‍ എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് നേടാനായത് 69 റണ്‍സ് മാത്രമാണ്. മൂന്നു വിക്കറ്റും ഈ ഘട്ടത്തില്‍ നഷ്ടമായി.

113 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സും സഹിതം ഖ്വാജ 104 റണ്‍സെടുത്തു. ഫിഞ്ച് 99 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 93 റണ്‍സ് നേടി. ഓപ്പണിങ് വിക്കറ്റില്‍ 31.5 ഓവറില്‍ 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 2018നു ശേഷം ഏകദിനത്തില്‍ ഏതൊരു വിക്കറ്റിലുമായി ഓസീസിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടു കൂടിയാണിത്.

കന്നി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഓസീസ് താരമാണ് ഖ്വാജ. കന്നി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഓസീസ് താരം ആദം വോഗ്‌സാണ്.

പിന്നാലെ ക്രീസിലെത്തിയ മാക്‌സ്വെല്‍ തകര്‍ത്തടിച്ച് തുടങ്ങി. എന്നാല്‍ 31 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത മാക്‌സ് വെല്ലിനെ ജഡേജ റണ്ണൗട്ടാക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഓസീസ് നിരയില്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് (31), അലക്‌സ് കാരി (21) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിലെ മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്നും കോലി അറിയിച്ചു.

pathram:
Related Post
Leave a Comment