മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ റാഞ്ചിയിലെത്തി. താരങ്ങളെ സ്വീകരിക്കാന്‍ ധോണി ഹമ്മറുമായിട്ടാണ് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും താരങ്ങള്‍ കൊണ്ടുപോകാന്‍ ബസ് തയാറായി നിന്നിരുന്നു. എന്നാല്‍ ധോണിയുമൊത്ത് ഒരു ഹമ്മര്‍ സവാരി മതിയെന്ന് ചില താരങ്ങള്‍ തീരുമാനമെടുത്തു. ഇതോടെ ആരാധകരും ആവേശത്തിലായി. ബസ് യാത്ര വേണ്ടെന്ന് വച്ച് കേദാര്‍ ജാദവും ഋഷഭ് പന്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹമ്മറില്‍ കയറി. ഈ വിഡിയോ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്.
ടീമംഗങ്ങള്‍ക്ക് ധോണിയും ഭാര്യ സാക്ഷിയും വിരുന്ന് ഒരുക്കിയിരുന്നു. സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിന്റെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ഇരുവരും വരവേറ്റത്. സത്കാരചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനായാണ് താരങ്ങള്‍ റാഞ്ചിയിലെത്തിയത്. പരമ്പര ജയത്തിനായുള്ള മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ആവേശം കൂട്ടിയ വിരുന്നിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഇന്നാണ് ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. സ്വന്തം നാട്ടില്‍ ധോണിയില്‍ നിന്നും മിന്നുന്ന പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Leave a Comment