റെക്കോര്‍ഡുകളുടെ രാജാവായി ധോണി..!!!

ഓസിസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച ധോണി മത്സരത്തിനിടെ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കുകയുണ്ടായി. ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് അതില്‍ പ്രധാനം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം പങ്കിട്ടിരുന്ന സിക്‌സറുകളുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കെതിരെ ധോണി സ്വന്തം പേരിലാക്കി. 216 തവണയാണ് ഇന്ത്യക്കുവേണ്ടി ധോണി സിക്‌സറുകള്‍ നേടിയിട്ടുള്ളത്. ഹിറ്റ്മാനാകട്ടെ 215 തവണ പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയിട്ടുണ്ട്. ഏഷ്യന്‍ ഇലവന് വേണ്ടിയുള്ള ഏഴ് സിക്‌സറുകളും കൂട്ടിയാല്‍ ധോണിയുടെ നേട്ടം 223 ല്‍ എത്തും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍(195), സൗരവ് ഗാംഗുലി(189), യുവരാജ് സിംഗ്(153) എന്നിവരാണ് ധോണിക്കും രോഹിതിനും പിന്നിലായുള്ളത്. 351 തവണ അതിര്‍ത്ത് മുകളിലൂടെ പന്തിനെ പറത്തിയിട്ടുള്ള ഷാഹിദ് അഫ്രിദിയാണ് ഏകദിനത്തിലെ സിക്‌സടി വീരന്‍. 314 സിക്‌സറുമായി ക്രിസ് ഗെയ്ല്‍ തൊട്ടുപിന്നിലുണ്ട്. 270 സിക്‌സറുകള്‍ നേടിയിട്ടുള്ള ജയസൂര്യക്കും പിന്നിലായി ലോകതാരങ്ങളില്‍ നാലാം സ്ഥാനത്താണ് ധോണി.

2019 ല്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനും മറ്റാരുമല്ല. 150 ല്‍ അധികം ശരാശരിയോടെയാണ് ധോണി കുതിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധശതകം നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് എംഎസ്ഡി. 13 അര്‍ധശതകങ്ങളാണ് ധോണി കംഗാരുപ്പടയ്‌ക്കെതിരെ നേടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍ നില്‍ക്കുന്നത്.

pathram:
Related Post
Leave a Comment