കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റേയും, കൃപേഷിന്റേയും വീട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറി. മുഖ്യമന്ത്രി വരുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു നീക്കം അനുവദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ഹക്കീം പറഞ്ഞത്.

പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകും, പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് എത്തിയിരിക്കുന്നത്. രാവിലെ 10ന് കാസര്‍കോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. ഇതിനിടെ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനായിരുന്നു ശ്രമം. കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. ഓഫീസിലേക്കാണ് മാര്‍ച്ച്.

pathram:
Leave a Comment