തന്റെ വീടിന് മുന്നില്‍ ആദിവാസികള്‍ സമരം ചെയ്യാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയ്യാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. ഈ വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടുവെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. എന്നാല്‍ ഭവനനിര്‍മാണപദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്ന് കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാരിയര്‍ പറഞ്ഞു. സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.
രണ്ടു വര്‍ഷം കഴിഞ്ഞ് വിവാദമുണ്ടായത് ചിലരുടെ തെറ്റിദ്ധാരണ മൂലമാണെന്ന് മഞ്ജു വാരിയര്‍ പറയുന്നു. ആദിവാസി സഹോദരന്‍മാരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു സമരത്തിനിറക്കുകയാണ്. ആദിവാസി സമൂഹത്തിന്റെ നന്‍മയ്ക്കും പുരോഗതിക്കും വേണ്ടി എന്നും ഒപ്പം നിന്നു പ്രവര്‍ത്തിക്കും.
ആദിവാസി ക്ഷേമത്തിനായുള്ള പദ്ധതികളില്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്ന മഞ്ജു വാരിയരുടെ വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും ഈ പേരില്‍ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
1.88 കോടി രൂപ ചെലവില്‍, വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്കു വീടും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കുമെന്നു സര്‍ക്കാരിനെ അറിയിച്ച നടി മഞ്ജു വാര്യര്‍ ഒടുവില്‍ പിന്‍വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നത്.
രണ്ടുവര്‍ഷമായിട്ടും വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 19നു മഞ്ജുവിന്റെ തൃശൂരിലെ വീട്ടുപടിക്കല്‍ കുടില്‍കെട്ടി സത്യഗ്രഹം നടത്താനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങള്‍ എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.