ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില ‘മിനുക്കുപണികള്‍’ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചേക്കും. ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിക്കു മുന്‍പ് ടീമുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും തീര്‍പ്പ് വരുത്തുമെന്നും പ്രസാദ് വ്യക്തമാക്കി.

ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഏകദിന ടീമില്‍ സ്ഥാനം പിടിക്കാന്‍ ഇപ്പോഴും സാധ്യത അവശേഷിക്കുന്നുണ്ടെന്നും പ്രസാദ് പറഞ്ഞു. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ‘സുഖമുള്ളൊരു തലവേദന’യാണ് ഋഷഭ് പന്ത്. ന്യൂസീലന്‍ഡ് പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂെട ടീമില്‍ ഇടംപിടിക്കാനുള്ള അവകാശവാദം വിജയ് ശങ്കറും ഉയര്‍ത്തിക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള രഹാനെയും സാധ്യതാ പട്ടികയില്‍ മുന്‍പന്‍ തന്നെ.

‘ലോകകപ്പ് ടീമില്‍ സ്ഥാനത്തിനായി മല്‍സരിക്കുന്നവരില്‍ മുന്‍നിരയിലുണ്ട് പന്ത്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ആരോഗ്യകരമായൊരു തലവേദന കൂടിയാകും. വിവിധ ഫോര്‍മാറ്റുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പന്ത് കൈവരിച്ച വളര്‍ച്ച വിസ്മയാവഹമാണ്. കുറച്ചുകൂടി പക്വതയും അനുഭവസമ്പത്തും ആര്‍ജിച്ചാല്‍ പന്ത് മികച്ചൊരു താരമാകും. അതുകൊണ്ടാണ് അടുത്തിടെ ഇന്ത്യ എ ടീമില്‍ പന്തിനെയും ഉള്‍പ്പെടുത്തിയത്’ -– പ്രസാദ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ ടീമില്‍ സ്ഥാനം ഉറപ്പായിരുന്ന ലോകേഷ് രാഹുല്‍ അപ്രതീക്ഷിതമായി ഫോം മങ്ങിയതാണ് പന്തിന് ടീമില്‍ സാധ്യത ഉയര്‍ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം വിവാദത്തില്‍ കുരുങ്ങി സസ്‌പെന്‍ഷനും വാങ്ങി. രാഹുലിന് ഇപ്പോഴും വാതില്‍ അടഞ്ഞിട്ടില്ലെങ്കിലും ഫോം തെളിയിച്ചാല്‍ മാത്രം തിരിച്ചുവരവു സ്വപ്നം കണ്ടാല്‍ മതിയെന്നും പ്രസാദ് വ്യക്തമാക്കി.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല പ്രകടനത്തോടെ ടീമില്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ താരമാണ് വിജയ് ശങ്കര്‍. 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സിലക്ടര്‍മാര്‍ മനസ്സില്‍ കണ്ടിരിക്കുന്ന 20 അംഗ ടീമിലെ നാലാം ഓള്‍റൗണ്ടറാണ് വിജയ് ശങ്കറെന്ന് പ്രസാദ് പറഞ്ഞു. കിട്ടിയ അവസരങ്ങളിലെല്ലാം ടീമിലെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന പ്രകടനം വിജയ് പുറത്തെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ എ ടീമിനൊപ്പം അദ്ദേഹത്തെ നമ്മള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. എങ്കിലും 15 അംഗ ടീമില്‍ ഇടംകണ്ടെത്താനുള്ള മല്‍സരത്തില്‍ അദ്ദേഹത്തെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന് കണ്ടറിയണമെന്നും പ്രസാദ് പറഞ്ഞു.

മൂന്നാം ഓപ്പണറുടെ സ്ഥാനത്ത് പരിഗണിച്ചിരുന്നവരില്‍ ഒന്നാമനായിരുന്ന ലോകേഷ് രാഹുലിന്റെ മങ്ങിയ ഫോമാണ് രഹാനെയെയും ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.

pathram:
Leave a Comment