ട്രെയിന്‍ യാത്രയ്ക്കിടെ ലഹരിക്കടിമപ്പെട്ട ഒരു സാമൂഹിക വിരുദ്ധന്റെ മര്‍ദ്ദനത്തെ പ്രതിരോധിച്ചും തിരിച്ചു തല്ലിയും സ്വയരക്ഷയൊരുക്കേണ്ടി വന്ന സ്ത്രീയുടെ യപ്പോള്‍ യാത്രക്കാരിലൊരാള്‍ പോലും പ്രതികരിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്നതാണ്. ഒടുവില്‍ പ്രായമേറിയ ഒരാള്‍ അക്രമിയെ അടിച്ചുവീഴ്ത്തിയതിനൊടുവിലാണ് ചുററിലും കൂടിയ കാഴ്ചക്കാര്‍ പ്രതികരണശേഷിയുള്ള സമൂഹമായി പരിമണിച്ചത്.
സൗമ്യ തീവണ്ടിയില്‍ വെച്ച് അതിക്രൂരമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടതിനു ശേഷവും സ്ത്രീകള്‍ തീവണ്ടികളില്‍ സുരക്ഷിതരല്ലെന്ന് തെളിയുകയാണ് ഈ സംഭവത്തോടെ. താന്‍ തീവണ്ടിയില്‍ വെച്ച് അക്രമിയെ നേരിട്ട അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് ആലീസ് ചീവേല്‍. തൃശ്ശൂരിലേക്കുള്ള യാത്രയില്‍ കേരള എക്‌സ്പ്രസ്സ് ട്രെയിനില്‍ വെച്ചാണ് ആലീസിന് ദുരനുഭവം ഉണ്ടാവുന്നത്. മറ്റൊരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമിയെ ഒറ്റയ്ക്ക് പ്രതിരോധിച്ച അനുഭവമാണ് ഇവര്‍ പങ്കുവെക്കുന്നത്. അക്രമി മുണ്ടൂരി അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു. തീവണ്ടിയില്‍ ഉണ്ടായിരുന്ന സഹയാത്രികര്‍ തന്നെ അക്രമി അടിക്കുമ്പോള്‍ തടയാന്‍ എത്തിയില്ലെന്നും ഇവര്‍ പറയുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട കേരളീയ സമൂഹത്തിനെ പ്രതിഫലിപ്പിക്കുന്ന ഉത്തമ ഉദാഹരണമാണ് ആലീസിന്റെ അനുഭവ കുറിപ്പ്.
ആലീസ് ചീവേലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)
ഇന്ന് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്‌സ്പ്രസ്സ് ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഞാന്‍. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തന്‍ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവന്‍ എനിക്ക് നേരെ വന്നു. ഞാന്‍ അവന്റെ കരണത്തടിച്ചു. അവന്‍ ബര്‍ത്തില്‍ നിന്നും എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാന്‍ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവന്‍ എന്റെ മുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവന്‍ അടിതെറ്റി വീഴുന്നതിനിടയില്‍ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്കുട്ടികള്‍ ഭയന്നുകൊകൊണ്ടും കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തന്‍പത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്‌ക്രിയരായി നില്‍ക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദ്യോഗസ്ഥനെയും അവന്‍ തല്ലാന്‍ ശ്രമിച്ചു. പൂരത്തെറിയും. അവന്‍ ലഹരിക്ക് adict ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനില്‍ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള്‍ അവനെ അടിച്ചു വീഴ്ത്തി. അവന്‍ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള്‍ അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്.
പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തില്‍പ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാന്‍ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്‌ക്രിയരുമാണ് നമ്മുടെ ആണുങ്ങള്‍. സ്വന്തം ശരീരത്തില്‍ ഒരുവന്‍ കയറിപ്പിടിച്ചാല്‍ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളര്‍ത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും.കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്കുട്ടി.
തൃശൂര്‍ എത്തിയപ്പോ police എത്തി. അവനെതിരെ ഞാന്‍ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു. 341, 323, 294, 354 എന്നീ വകുപ്പുകള്‍ ചാര്‍ത്തി FIR രജിസ്റ്റര്‍ ചെയ്തു, ലോക്കപ്പിലാക്കി.
NB: ,’നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാല്‍ എന്തു ചെയ്യും’? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയില്‍ നീളം കുറഞ്ഞ ഒരു നിക്കര്‍ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാള്‍ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ.