കൊച്ചി: ലൈംഗീക പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ദര്‍ രൂപത. സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചുകൊണ്ട് കേസ് അവസാനിക്കുന്നതു വരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാമെന്ന രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോയൂടെ ഉത്തരവ് മറികടന്നുകൊണ്ടാണ് ഇപ്പോള്‍ ജലന്ദര്‍ രൂപതാ പി.ആര്‍.ഒ. വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സ്ഥലം മാറ്റിയതല്ല, ഇവരെ സേവനം അനുഷ്ഠിച്ചിരുന്ന മഠങ്ങളിലേയ്ക്ക് തിരികെ ക്ഷണിക്കുകയായിരുന്നുവെന്നുമാണ് പിആര്‍ഒ പീറ്റര്‍ കാവും പുറം വ്യക്തമാക്കിയിരിക്കുന്നത്.
രൂപതാ അധ്യക്ഷന്‍ കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും കൗണ്‍സിലിനും മദര്‍ ജനറാലിനുമാണ് അധികാരമെന്നും രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
നേരത്തെ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് അവര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സിസ്റ്റര്‍ അനുപമയാണ് സ്ഥലം മാറ്റ നടപടി റദ്ദ് ചെയ്തുകൊണ്ട് അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് ലഭിച്ചതായി വെളിപ്പെടുത്തിയത്. ഫ്രാങ്കോ കേസില്‍ പരാതിക്കാരിയായ സിസ്റ്ററെ പിന്തുണച്ച് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകള്‍ക്കെതിരെയാണ് സഭ പ്രതികാര നടപടിയായി സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. കന്യാസ്ത്രീമാരെ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടായിരുന്നു സഭയുടെ പ്രതികാര നടപടി. ഈ നടപടി വന്‍ വിവാദമായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റ ഉത്തരവ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്.