തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ട് വച്ചത്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്എസ് നിലപാട്. മോഹന്‍ലാലിനെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് ഇറക്കണമെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. പല മണ്ഡലങ്ങളിലും ആര്‍എസ്എസ് രഹസ്യമായി സര്‍വ്വേ നടത്തിയിരുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് ആര്‍എസ്എസ് സര്‍വ്വെയില്‍ മുന്നിലെത്തിയത് മോഹന്‍ലാലാണ്. തൊട്ടുപിന്നില്‍ കുമ്മനംരാജശേഖരന്‍. ബിജെപി നേതാക്കള്‍ നേരത്തെ തന്നെ ലാലിനായി കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിരുന്നു. പക്ഷെ ലാലിന്റെ രാഷ്ട്രീയപ്രവേശം സുഹൃത്തുക്കള്‍ തള്ളുന്നുണ്ടെങ്കിലും ആര്‍എസ്എസ്സിന് ഇനിയും പ്രതീക്ഷയുണ്ട്.
കൊല്ലത്തെ ആര്‍എസ്എസ് നോമിനി സുരേഷ്‌ഗോപിയാണ്. ആര്‍എസ്എസ് മുന്നോട്ട് വെച്ച മറ്റൊരു പൊതുസ്വതന്ത്രന്‍ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മയാണ്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന ശശികുമാര്‍ വര്‍മ്മയായിരുന്നു പത്തനംതിട്ടയിലെ ആര്‍എസ്എസ് സര്‍വ്വെയില്‍ മുന്നിലെത്തിയത്