‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെകുറിച്ച് നല്ല വിമര്‍ശവനം ഉയര്‍ന്നിരുന്നു. പ്രണവിന് അഭിനയക്കാന്‍ അറിയില്ലെന്നും, അഭിനയം പഠിപ്പിക്കാന്‍ അയക്കണമെന്നുമുള്ള കമന്റുകളും വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ദൈവാനുഗ്രഹവും അവന്റെ കഴിവുമാണ് എല്ലാം തീരുമാനിക്കുക. കഴിവുണ്ടെങ്കില്‍ അഭിനയം തുടരും, അല്ലെങ്കില്‍ അവന്‍ വേറെ ജോലി കണ്ടെത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും’.
മരക്കാര്‍ അങ്ങനെ വലുതായി പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഇത്ര വലിയൊരു ചിത്രം ചെയ്യുമെന്നോ അതില്‍ പ്രണവും കല്യാണിയുമൊക്കെ അഭിനയിക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഇതുപോലെ മറ്റനേകം കാര്യങ്ങളും സംഭവിക്കുമെന്ന് വിശ്വസിക്കുന്നു മോഹന്‍ലാല്‍ പറഞ്ഞു.
അഭിനേതാവെന്ന രീതിയില്‍ അഭിയിക്കുക എന്നതാണ് ഉത്തരവാദിത്തം. പദ്മഭൂഷന്‍ ലഭിച്ചെന്നു കരുതി പുതിയ രീതിയിലുള്ള പ്രകടനമൊന്നും ഉണ്ടാകില്ല. അഭിനേതാവെന്ന രീതിയില്‍ നമുക്കു സ്വീകരിക്കാവുന്ന റോളുകള്‍ക്കും ചില പരിധികളുണ്ട്. പ്രൊഡക്ഷനിലേക്ക് കടക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. മരക്കാറും ലൂസിഫറുമൊക്കെ വലിയ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. സാധാരണ മലയാള സിനിമകളേക്കാള്‍ ഉയര്‍ന്ന ബഡ്ജറ്റാണത്. നമ്മുടെ സിനിമയെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കണം. മലയാളസിനിമക്ക് ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’ണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയ്യേറ്ററുകളിലുള്ള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രം.