കൗണ്‍സിലിങ്ങിനിടെ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ ഡോക്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന:ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. ചാനലുകളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെപ്പറ്റി ക്ലാസെടുക്കുന്ന പ്രമുഖ ഡോക്ടറാണ് എട്ടാം ക്ലാസുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ ഗിരീഷിനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നേരത്തെ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. അന്ന് പഠന വൈകല്യമുണ്ടെന്ന സംശയത്തില്‍ സ്‌കൂളിലെ കൗണ്‍സിലറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കുട്ടിയേയും കൊണ്ട് മാതാപിതാക്കള്‍ ഇയാളെ കാണാനെത്തിയത്. മാതാപിതാക്കളോട് സംസാരിച്ചതിനു ശേഷമാണ് കുട്ടിയെ ഡോക്ടര്‍ അകത്തേക്ക് വിളിക്കുന്നത് . ഡോക്ടറെ കണ്ടതിനു ശേഷം പുറത്തിറങ്ങിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത് .

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് റഫര്‍ ചെയ്യുകയുമായിരുന്നു . ഫോര്‍ട്ട് സ്‌റ്റേഷനില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു .
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് ഫോണിലൂടെയും നേരിട്ടും ഒത്തുതീര്‍പ്പ് ശ്രമവും സമ്മര്‍ദ്ദവും ഉണ്ടായതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഉന്നത ഇടപെടല്‍ മൂലം ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. അതിനിടയില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അതിനിടയിലാണ് ഇയാള്‍ക്കെതിരെ പുതിയ കേസ് വന്നത്. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിയെ കൗണ്‍സലിംഗ് ചെയ്തപ്പോഴാണ് ഗിരീഷ് ഈ കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7