നാലാം ഏകദിനം: ഇന്ത്യ തകര്‍ന്നടിയുന്നു

ഇന്ത്യയുടെ ആറ് വിക്കറ്റ് നഷ്ടമായി; ബോള്‍ട്ടിന് നാലു വിക്കറ്റ്

ഹാമില്‍ട്ടന്‍: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. 13.2 ഓവര്‍ ആകമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും 7 റണ്‍സെടുത്ത രോഹിത്തും, 13 റണ്‍സോടെ ധവാനും പുറത്തായി. രണ്ടുപേരുടെയും വിക്കറ്റ് ബോള്‍ട്ടിനാണ്. പിന്നാലെ വന്ന അമ്പട്ടി റായിഡുവും ദിനേഷ് കാര്‍ത്തികും പൂജ്യത്തിന് പുറത്തായി. ഭാവിയുടെ താരം എന്നു ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയ പത്തൊന്‍പതുകാരന്‍ ശുഭ്മാന്‍ ഗില്‍ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ 9 റണ്‍സിന് പുറത്തായി. പിന്നാലെ കേദാര്‍ ജാദവും ഔട്ടായി. ഇരുവരെയും ബോള്‍ട്ടാണ് മടക്കിഅയച്ചത്. ഗ്രാന്‍ഡ്‌ഹോം രണ്ടുവിക്കറ്റ് വീഴ്ത്തി.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ 6 വിക്കറ്റിന് 35 റണ്‍സ് എന്ന നിലയിലാണ്.

ഏകദിന ക്രിക്കറ്റിലെ വ്യക്തിഗത സ്‌കോര്‍ മൂന്നു വട്ടം 200 കടത്തിയ രോഹിത് ഇന്ന് ഇരുനൂറാം ഏകദിനത്തിന് ഇറങ്ങിയത്. അതും ഇന്ത്യന്‍ നായകന്റെ കുപ്പായത്തില്‍ വിശേഷ ദിവസങ്ങള്‍ ഇരട്ട സെഞ്ചുറിയടിച്ച് ആഘോഷിച്ച ചരിത്രമുള്ള രോഹിതില്‍നിന്ന് സെഡന്‍ പാര്‍ക്കിലെ ബാറ്റിങ് വിക്കറ്റില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും അത്തരത്തിലൊരു കിടിലന്‍ ഇന്നിങ്‌സ് തന്നെ ആയിരുന്നു. പക്ഷേ ഇന്ന് നേരെ മറിച്ചാണ് സംഭവിച്ചത്.

അമിത മല്‍സരങ്ങളുടെ സമ്മര്‍ദമകറ്റാന്‍ വിരാട് കോഹ്ലിക്കു ബിസിസിഐ വിശ്രമം അനുവദിച്ചതോടെയാണു ക്യാപ്റ്റന്‍സി വീണ്ടും രോഹിതിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ജേതാക്കളായ ഏഷ്യ കപ്പിലാണു രോഹിത് ഇതിനു മുന്‍പ് ടീമിനെ നയിച്ചത്.

ആദ്യ മൂന്നു മല്‍സരങ്ങളിലും വ്യക്തമായ മേല്‍ക്കൈയോടെ ജയിച്ചു കയറിയ ഇന്ത്യ ഇന്നു റിസര്‍വ് ബെഞ്ചിന്റെ കരുത്തു പരീക്ഷിച്ചേക്കും. പരമ്പരയില്‍ ഉജ്വലമായി പന്തെറിയുന്ന മുഹമ്മദ് ഷമിക്ക് ഇന്നു വിശ്രമം അനുവദിച്ചു. പകരം ഖലീല്‍ അഹമ്മദ് ടീമിലെത്തി. കഴിഞ്ഞ മല്‍സരത്തിനു മുന്‍പു കാലിലെ പേശിക്കു പരുക്കേറ്റ എം.എസ്. ധോണി ഇന്നും കളിക്കുന്നില്ല.

പരമ്പരയിലെ ആദ്യ 3 മല്‍സരങ്ങളില്‍നിന്നു കുല്‍ദീപ് -ചാഹല്‍ സ്പിന്‍ സഖ്യം സ്വന്തമാക്കിയത് 14 വിക്കറ്റുകള്‍. കുല്‍ദീപ് 8 വിക്കറ്റ് വീഴ്ത്തിയപ്പോല്‍ ചാഹല്‍ 6 വിക്കറ്റെടുത്തു. മുഹമ്മദ് ഷമി വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം 7. മൂന്നു മല്‍സരങ്ങളിലും ന്യൂസീലന്‍ഡ് ഓള്‍ ഔട്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7