തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. താന്‍ മത്സരിക്കാനില്ലെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നും മുല്ലപ്പള്ളി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്- മുല്ലപ്പള്ളി വ്യക്തമാക്കി.
മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20നുള്ളില്‍ സാധ്യതപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്നും അത് പതിവ് ജംബോ പട്ടിക ആയിരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
ശബരിമല പ്രശ്നവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്നാണ് മുല്ലപ്പള്ളിയുടെ പ്രതീക്ഷ. വടകരയില്‍ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ല. അവിടെ പുതിയ സ്ഥാനാര്‍ത്ഥി വരും.പക്ഷെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കാന്‍ തടസമില്ല. ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറയുന്നു.