കണ്ണൂര്‍: കൂടുതല്‍ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. ജനുവരി 25 മുതല്‍ ഹൈദരാബാദ്, ചെന്നെ, ഹൂഗ്ലി, ഗോവ സര്‍വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വീസ് ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്നും അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതലെന്ന് തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സര്‍വ്വീസ്. ബഹ്‌റിന്‍, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ ആരംഭിക്കും.
ഉത്സവ കാലങ്ങളില്‍ വിദേശത്തുനിന്നുള്ള വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിമാന കമ്പനികളുടെ സി.ഇ.ഒമാരുടെ യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.