തൃശൂര്‍: മാന്നാമംഗലം പള്ളിത്തര്‍ക്കത്തില്‍ കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതലയില്‍ നിന്ന് ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ല. എന്നാല്‍, നാളെ കുര്‍ബാന നടത്താന്‍ അവസരം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. യാക്കോബായ വിഭാഗം ഇത് സംബന്ധിച്ച തീരുമാനം ഇന്ന് രണ്ട് മണിക്ക് മുന്‍പ് അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ യാക്കോബായ വിഭാഗം നിലപാട് എടുത്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകുന്ന ആരാധന ഇനി ഉണ്ടാകില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.
എന്നാല്‍ നാളെ പള്ളിയില്‍ കുര്‍ബാന നടത്താനുള്ള അനുമതി തരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യവുമുന്നയിച്ച് ഇവര്‍ സി.പി.എം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ നേതൃത്വവുമായും ഈ വിഷയത്തില്‍ യാക്കോബായ വിഭാഗം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടറാണ്. ഓര്‍ത്തഡോക്‌സ് വിഭാഗം ഇതിന് എതിരായി രഗത്തെത്താന്‍ സാധ്യത ഉണ്ട്.
യാക്കോബായ വിഭാഗത്തിന് നാളത്തെ കുര്‍ബാനയ്ക്ക് അനുമതി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും പള്ളിയിലേക്ക് ഇനി പ്രവേശിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഹൈക്കോടതിയില്‍ നിന്ന് വ്യക്തമായ ഒരുത്തരവ് വരുന്നത് വരെ ഇരുവിഭാഗങ്ങളും പള്ളിയിലേക്ക് പ്രവേശിക്കില്ല. ജില്ലാ ഭരണകൂടമായിരിക്കും പള്ളി നിയന്ത്രിക്കുക. അതിനാല്‍ യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കേണ്ട എന്ന നിലപാടായിരിക്കും ജില്ലാ ഭരണകൂടം സ്വീകരിക്കുക.