മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. ഖനിക്കുള്ളില്‍ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാല്‍ കാണാതായ തൊഴിലാളികളില്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ദ്ദര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 13 ന് ജയന്തില കുന്നുകളിലെ അനധികൃത ഖനിയില്‍ ആണ് അപകടം ഉണ്ടായത്.
ഖനിയ്ക്കുള്ളില്‍ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്. ഖനിയില്‍ നിന്നും വെള്ളം മാറ്റാനായി നടത്തിയ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത് മുതല്‍ ഖനിയ്ക്ക് സമീപം പ്രാര്‍ത്ഥനകളുമായി കാണാതായ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തി കൊണ്ടാണ് മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പുറത്തു വന്നത്.
തൊഴിലാളികളാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗദ്ധര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു തൊഴിലാളിയെങ്കിലും ജീവനോടെ ബാക്കിയുണ്ടാവും എന്ന വിശ്വാസത്തോടെ സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്. ഇതേ തുടര്‍ന്ന് കിര്‍ലോസ്‌കര്‍ മോട്ടേഴ്‌സില്‍ നിന്നും പ്രത്യേക മോട്ടോര്‍ അടക്കം കൊണ്ടു വന്ന് വെള്ളം പുറത്തേക്ക് കളയുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7