ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചു. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ് ക്ഷേത്രത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാലാണ് ബിജെപി അധ്യക്ഷനെ ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.
പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മെഗാ ഷോയ്ക്ക് പിന്നാലെ അമിത് ഷായുടെ റാലി നടത്താനായിരുന്നു നീക്കം.
Leave a Comment