മുംബൈ: ക്രിക്കറ്റ് ലോകകപ്പ് ഒരുക്കങ്ങളില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് മുഖ്യ സ്ഥാനമുണ്ടെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ട്വന്റി20, ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച് ക്ഷീണിച്ചതിനാലാണ് ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചത്. അത് ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിക്കില്ലെന്നതിന്റെ സൂചനയൊന്നുമല്ലെന്നും പ്രസാദ് വ്യക്തമാക്കി.
‘ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ട്വന്റി20 മല്‍സരങ്ങളിലും നാല് ടെസ്റ്റ് മല്‍സരങ്ങളിലും പന്ത് തുടര്‍ച്ചയായി കളിച്ചിരുന്നു. അതിന്റെ ക്ഷീണം പന്തിനെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശ്രമം അനുവദിച്ചത്. രണ്ട് ആഴ്ചത്തെ പൂര്‍ണ വിശ്രമത്തിനുശേഷം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ മല്‍സരങ്ങളില്‍ പന്തിനെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. തുറന്നു പറയട്ടെ, നമ്മുടെ ലോകകപ്പ് പദ്ധതികളില്‍ മുഖ്യസ്ഥാനത്ത് പന്തുമുണ്ട്. ചാംപ്യന്‍ താരത്തിലേക്കുള്ള വളര്‍ച്ചയിലാണ് പന്ത്. പന്തിന്റെ പൂര്‍ണ കഴിവിനെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ധാരണയുണ്ടോ എന്നു സംശയമാണ്’ പ്രസാദ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള തന്റെ സിലക്ഷന്‍ കമ്മിറ്റിയുെട തീരുമാനം വിക്കറ്റിനു മുന്നിലും പിന്നിലും ശരിയാണെന്ന് താരം തെളിയിച്ചതായും പ്രസാദ് ചൂണ്ടിക്കാട്ടി.’ഓരോ മല്‍സരത്തിലും സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും അതിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്താനും പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പന്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. അതു ശിരസ്സാ വഹിച്ചാണ് ഇതുവരെ പന്ത് കളിച്ചിട്ടുള്ളത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയില്‍ മാറ്റം വരുത്താന്‍ പന്തിനാകുമെന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. ടെസ്റ്റ് പരമ്പരയില്‍ പന്തിനെ ടീമിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയയിലെത്തുമ്പോഴേയ്ക്കും ഒരു മല്‍സരത്തില്‍ 11 ക്യാച്ചെടുത്ത് പന്ത് സിലക്ഷന്‍ കമ്മിറ്റിയുെട തീരുമാനം ശരിവച്ചിരിക്കുന്നു’ പ്രസാദ് ചൂണ്ടിക്കാട്ടി.ഓപ്പണിങ് സ്ഥാനത്തേക്കുള്ള ഒരു കരുതല്‍ എന്ന നിലയിലാണ് പഞ്ചാബില്‍നിന്നുള്ള യുവതാരം ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രസാദ് വ്യക്തമാക്കി. ടിവി ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടക്കി അയയ്ക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരം ടീമിലേക്കു വിളി ലഭിച്ച താരമാണ് ഗില്‍.’ഓപ്പണിങ്ങിലും മധ്യനിരയിലും കളിക്കാന്‍ പ്രാപ്തിയുള്ള താരമാണ് ഗില്‍. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും ഒപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് ഒരു കരുതല്‍ എന്ന നിലയിലാണ് ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്നൊന്നും ഞാന്‍ ഉറപ്പു നല്‍കുന്നില്ല. എങ്കിലും ന്യൂസീലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ അസാധ്യ പ്രകടനമായിരുന്നു ഗില്ലിന്റേത്’ പ്രസാദ് പറഞ്ഞു.’ശുഭ്മാന്‍ ഗില്‍ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് തയാറാണോ എന്ന കാര്യത്തില്‍ ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ഇന്ത്യ എ ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെയെല്ലാം സീനിയര്‍ ടീമിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രാപ്തരാക്കിയതെന്നത് ശ്രദ്ധേയമാണ്. ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍ എന്നിവരെ നോക്കൂ. ഏതു സ്ഥാനത്തു കളിക്കാന്‍ അയച്ചാലും യാതൊരു ഭയവുമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത’ പ്രസാദ് ചൂണ്ടിക്കാട്ടി.
Leave a Comment