വിജയ് ശങ്കറിനെ ടീമിലെടുത്തതിന് ആരാധകര്‍ മൂക്കത്തു വിരല്‍ വച്ചതെന്തിനാണ്?

മുംബൈ: വിവാദക്കുരുക്കിലകപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരം ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിജയ് ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘അയ്യേ, ഇവനോ?’… എന്നായിരുന്നു പൊതുവേയുള്ള ആരാധക പ്രതികരണം. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഉള്‍പ്പെടെയുള്ള താരങ്ങളെ മറികടന്ന് ടീമിലെത്താന്‍ വിജയ് ശങ്കറിനെ സഹായിച്ചത്
അവിടെ മൂന്നു മല്‍സരങ്ങളില്‍ 87, 59, 42 എന്നിങ്ങനെയായിരുന്നു ശങ്കറിന്റെ പ്രകടനം. ഇന്ത്യയ്ക്കായി ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ശങ്കര്‍ തന്നെ. ബോളിങ്ങിലും ആശ്രയിക്കാവുന്ന മീഡിയം പേസര്‍ എന്ന വിലാസം കൂടി ചേര്‍ന്നതോടെ ഒരിക്കല്‍ക്കൂടി ശങ്കര്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ട്വന്റി20യില്‍ അഞ്ചു മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്, ശങ്കര്‍. അതില്‍ ബാറ്റിങ്ങിന് അവസരം കിട്ടിയത് ഒരിക്കല്‍ മാത്രം.
ഇനി, തമിഴ്‌നാട്ടില്‍നിന്നുള്ള ഈ ഓള്‍റൗണ്ടറെ ടീമിലെടുത്തതിന് ആരാധകര്‍ മൂക്കത്തു വിരല്‍ വച്ചതെന്തിനാണ്? ഉത്തരം കിട്ടണമെങ്കില്‍ 2018 മാര്‍ച്ച് 18ന് ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ഫൈനല്‍ വേദിയിലേക്കു പോകണം. അന്ന് ഏറ്റുമുട്ടിയത് ഇന്ത്യയും ബംഗ്ലദേശും. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് സാബിര്‍ റഹ്മാന്റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ സ്വന്തമാക്കിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ്. ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കര്‍ ഇന്ത്യന്‍ ബോളര്‍മാരിലെ ഏറ്റവും വലിയ ‘തല്ലുവാങ്ങി’യായി. നാല് ഓവറില്‍ വഴങ്ങിയത് 48 റണ്‍സ്.
എന്നാല്‍, ഇതിലും വലിയ ‘ആപത്താ’ണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചപ്പോള്‍ വിജയ് ശങ്കറിനെ കാത്തിരുന്നത്. അദ്ദേഹത്തെ ആരാധകരുടെ കണ്ണിലെ കരടാക്കിയ പ്രകടനം. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്കരുത്തില്‍ (42 പന്തില്‍ 56) ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു. 14ാം ഓവറിന്റെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ പുറത്തായപ്പോഴാണ് വിജയ് ശങ്കര്‍ ബാറ്റിങ്ങിനെത്തിയത്. ഒപ്പമുണ്ടായിരുന്നത് കര്‍ണാടകക്കാരന്‍ മനീഷ് പാണ്ഡെ.
അഞ്ചാം വിക്കറ്റില്‍ 28 പന്തുകള്‍ ക്രീസില്‍നിന്ന പാണ്ഡെശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത് 35 റണ്‍സായിരുന്നു. ഈ സഖ്യം ക്രീസില്‍ നില്‍ക്കുമ്പോഴാണ് കരിയറില്‍ വിജയ് ശങ്കര്‍ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ഓവറിന് അരങ്ങൊരുങ്ങിയത്. ഏറ്റവും വിദഗ്ധമായി യോര്‍ക്കറുകള്‍ പ്രയോഗിക്കുന്ന മുസ്താഫിസുര്‍ റഹ്മാനാണ് ബംഗ്ലദേശിനായി 18ാം ഓവര്‍ എറിയാനെത്തിയത്.
18 പന്തില്‍ വിജയത്തിലേക്ക് 34 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഇന്ത്യന്‍ ആരാധകര്‍ വിജയത്തിനായി അക്ഷമരായി കാത്തിരിക്കെ ഓവര്‍ ആരംഭിച്ചു. ആദ്യ പന്തില്‍ ശങ്കര്‍ ബാറ്റു വീശിയെങ്കിലും റണ്‍സൊന്നും നേടാനായില്ല. ഓഫ്കട്ടറായെത്തിയ രണ്ടാം പന്തിലും വിജയ് ശങ്കര്‍ നിരായുധനായി. വൈഡിന്റെ ചുവയുണ്ടായിരുന്ന മൂന്നാം പന്തിനും ശങ്കര്‍ ആഞ്ഞു ബാറ്റുവീശി. ഇക്കുറിയും നിരാശ ഫലം. റണ്ണില്ല. നാലാം പന്തിലും വിജയ് ശങ്കറിനു റണ്ണെടുക്കാനാകാതെ പോയതോടെ ആരാധകരുടെ ക്ഷമ നശിച്ചു. ബംഗ്ലദേശാകട്ടെ, കൈവിട്ടുവെന്നു കരുതിയ മല്‍സരം തിരിച്ചുപിടിച്ച സന്തോഷത്തിലും. അഞ്ചാം പന്തില്‍ ഒരുവിധത്തില്‍ പന്തു ബാറ്റില്‍ തട്ടിച്ച് സിംഗിള്‍ തട്ടിക്കൂട്ടി, ശങ്കര്‍. അതും വിനയായി. സമ്മര്‍ദ്ദം സഹിക്കാനാകാതെ അവസാന പന്തില്‍ പാണ്ഡെ പുറത്ത്. ആ ഓവറില്‍ പിറന്നത് വെറും ഒരു റണ്‍ മാത്രം. 27 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 28 റണ്‍സെടുത്താണ് പാണ്ഡെ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയത് ശങ്കറിന്റെ നാട്ടുകാരന്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ വിജയലക്ഷ്യം 12 പന്തില്‍ 34 റണ്‍സും. എന്തായാലും അസാധാരണ മികവോടെ ദിനേഷ് കാര്‍ത്തിക് നിറഞ്ഞാടിയതോടെ അടുത്ത ഓവറില്‍ പിറന്നത് 22 റണ്‍സ്. രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതമാണ് കാര്‍ത്തിക് ഈ ഓവറില്‍ 22 റണ്‍സ് അടിച്ചത്.ഇതോടെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 12 റണ്‍സ്. ആദ്യ അഞ്ചു പന്തില്‍ നാലെണ്ണം നേരിട്ട വിജയ് ശങ്കര്‍ ഒരു ബൗണ്ടറി സഹിതം നേടിയത് അഞ്ചു റണ്‍സ്. അഞ്ചാം പന്തില്‍ പുറത്താവുകയും ചെയ്തു. നിര്‍ണായക ഘട്ടത്തില്‍ ബാറ്റിങ്ങിനെത്തിയ ശങ്കര്‍ 19 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സെടുത്താണ് കൂടാരം കയറിയത്. അവസാന പന്തില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് അഞ്ചു റണ്‍സ് വേണമെന്നിരിക്കെ, വിജയ് ശങ്കര്‍ അക്ഷരാര്‍ഥത്തില്‍ വില്ലനായി. അവസാന പന്തില്‍ അസാമാന്യ മികവോടെ സിക്‌സ് കണ്ടെത്തിയ ദിനേഷ് കാര്‍ത്തിക് മല്‍സരം ജയിപ്പിച്ചെടുത്തെങ്കിലും വിജയ് ശങ്കര്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയിരുന്നു

pathram:
Related Post
Leave a Comment