തിരുവനന്തപൂരം: ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ശക്തമായ പ്രതിഷേധം. പ്രാദേശികമായി ചിലയിടങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീര്‍ഥാടകരെയും ബാധിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. മാതൃഭൂമി സംഘത്തിന്റെ കാമറ തകര്‍ത്തു. സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രവേശിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിച്ചു.
കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.
കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു.
കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിന് മര്‍ദ്ദനമേറ്റു. കാമറ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഓഫീസുകള്‍ പൂട്ടിച്ചു. പത്തനാപുരത്തും പ്രതിഷേധമുണ്ട്.
ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകള്‍ വ്യാപകമായി അടപ്പിക്കുന്നുണ്ട്. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.