വനിതാ മതില്‍ വര്‍ഗീയ മതിലാണ്..!!! വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍; ഇത്തവണ മലപ്പുറത്ത്

നിലമ്പൂര്‍: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു. വഴിക്കടവിന് സമീപം മഞ്ചക്കോട് ഭാഗത്താണ് ഇന്ന് പോസ്റ്ററുകള്‍ കണ്ടെത്തിയത്.

ഇന്നലെ കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മലപ്പുറത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അമ്പായത്തോട്ടില്‍ കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം കണ്ണൂരിലും പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.

pathram:
Related Post
Leave a Comment