ദില്ലി: ആധാര്‍ തലവേദന ഒഴിയുന്നു. എന്ത് കാര്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പൊതുജനങ്ങള്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആധാറെന്ന പ്രതിസന്ധി അവസാനിക്കുകയാണ്. ഇനി ഒരു കാര്യത്തിനും ആധാര്‍ നിര്‍ബന്ധമല്ല. തിരിച്ചറിയല്‍ രേഖയായി ആധാര്‍ തന്നെ വേണമെന്ന് ഇനിയാരും നിര്‍ബന്ധം പിടിക്കില്ല. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്‌കൂള്‍ അഡ്മിഷന്‍, തുടങ്ങി സകല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ കേന്ദ്രകാബിനറ്റ് അംഗീകരിച്ചു.
ആധാര്‍ ഹാജരാക്കിയേ തീരൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് ഒരു കോടി രൂപ പിഴയും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ലഭിക്കാനുള്ള ഭേദഗതിക്കാണ് കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പൊതുജനങ്ങളെ ബാധിക്കുന്ന സകല വിഷയങ്ങളിലും ആധാര്‍ നിബന്ധനകളെല്ലാം എടുത്തുകളഞ്ഞിരിക്കുകയാണ്. അതേസമയം ജനങ്ങള്‍ക്ക് സ്വമേധയാ ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാവുന്നതാണ്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും അടയ്‌ക്കേണ്ടി വരും. ഭേദഗതിയിലൂടെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതുപ്രകാരം ഇനി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും സിം കാര്‍ഡുകള്‍ എടുക്കാനും പാസ്‌പോര്‍ട്ടോ, റേഷന്‍ കാര്‍ഡോ തുടങ്ങി ഏതെങ്കിലും അംഗീകൃത രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും. പൊതുമുതലുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ക്ക് മാത്രമേ ആധാര്‍ നിര്‍ബന്ധമായി ചോദിക്കാന്‍ പാടൂള്ളൂ. അതല്ലാതെയുള്ള ഏത് ഇടപാടുകള്‍ക്കും ഉപഭോക്താവിന് ഇഷ്ടമുള്ള രേഖകള്‍ ഹാജരാക്കാവുന്നതാണ്.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്ന് ഭരണഘടനാ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആധാര്‍ ഭരണഘടന വിരുദ്ധം ആണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും വ്യക്തമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ല. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാനും ആധാര്‍ ആവശ്യപ്പെടരുത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആധാര്‍ ചോദിക്കരുത്്. സിബിഎസ്ഇ, നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ ആവശ്യപ്പെടരുതെന്നും ഭരണഘടനാ ബഞ്ച് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ആധാര്‍ നിബന്ധനകളെല്ലാം എടുത്തുകളഞ്ഞ കോടതി ആധാര്‍ ഉള്ള പൗരന്മാരെ സര്‍ക്കാരിന് നിരീക്ഷിക്കാന്‍ കഴിയും എന്ന വാദത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക വളര്‍ച്ചയുടെ പേരില്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശം നിഷേധിക്കാനാകില്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ ഉടന്‍ നശിപ്പിക്കണം. വിദേശ രാജ്യത്തിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചുള്ള ആധാര്‍ സുരക്ഷിതമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധി ന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി നിഷേധിക്കാന്‍ ആകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.