ഹര്‍ത്താല്‍: കോഴിക്കോട്ടും തിരുവനന്തപുരത്തും പകല്‍ ഷോകള്‍ നിര്‍ത്തിവെച്ചു

കോഴിക്കോട്: ബി.ജെ.പി ഹര്‍ത്താലിനിടെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വെള്ളിയാഴ്ച റിലീസ് ചെയ്തുവെങ്കിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തിയറ്ററുകളിലെ പകല്‍ ഷോകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്സര തിയറ്ററിലാണ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്. ഹര്‍ത്താല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്താലാണ് ഷോ മാറ്റിയതെന്ന് തിയറ്റര്‍ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 4.30ന് മോഹന്‍ലാല്‍ ഫാന്‍സിനായുള്ള ആദ്യ ഷോ നടന്നിരുന്നു.
തുടര്‍ന്ന് നടക്കേണ്ടിയിരുന്ന മൂന്ന് ഷോകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 4.10 എന്നീ ഷോകളാണ് നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് കാണികളും മോഹന്‍ലാല്‍ ഫാന്‍സും ഏറെ നിരാശയിലാണ്. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും നിരാശരാകേണ്ടി വന്നിരിക്കയാണ്.
ഷോ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം എസ് എല്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ പ്രതിഷേധിച്ചു. പ്രദര്‍ശനം ആറു മണിക്കു ശേഷമേ ഉള്ളൂവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശനം മാറ്റി വച്ചതെന്ന് തീയേറ്റര്‍ അധികൃതര്‍ പറയുന്നു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് പറഞ്ഞ് സിനിമ കാണാനെത്തിയവര്‍ ബഹളമുണ്ടാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിയറ്ററില്‍ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചിരുന്നു.
ഹര്‍ത്താല്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7