ആദ്യ ടെസ്റ്റില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം. 15 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ 307 റണ്‍സ് എല്ലാവരും പുറത്തായി. നാലാം ദിനം മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 156 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനടിയില്‍ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
രഹാനെ 147 പന്തില്‍ ഏഴു ഫോറടക്കം 70 റണ്‍സ് നേടി. പൂജാര 204 പന്തില്‍ 71 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ (1), ഋഷഭ് പന്ത് (28), അശ്വിന്‍ (5), ഇഷാന്ത് ശര്‍മ്മ (0), മുഹമ്മജ് ഷമി (0) എന്നിങ്ങനെയാണ് നാലാം ദിനം പുറത്തായ ബാറ്റ്സ്മാന്‍മാരുടെ സ്‌കോറുകള്‍.
ഇതിലും മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് കൂച്ചുവിലങ്ങിട്ടത് ആറു വിക്കറ്റ് നേടിയ നഥാന്‍ ലിയോണിന്റെ പ്രകടനമാണ്. മധ്യനിരയില്‍ അജിങ്ക്യ രഹാനെയൊഴികെ ബാക്കിയെല്ലാവരും പരാജയമായി.
18 റണ്‍സെടുത്ത മുരളി വിജയ്, 44 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍, 34 റണ്‍സ് നേടിയ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. നഥാന്‍ ലിയോണ്‍ 42 ഓവറില്‍ 122 റണ്‍സ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് ഹെയ്സെല്‍വുഡിനാണ്. ഇതോടെ രണ്ടിന്നിങ്സിലുമായി ലിയോണ്‍ എട്ട് വിക്കറ്റെടുത്തപ്പോള്‍ ഹെയ്സെല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക്കിന്റെ അക്കൗണ്ടില്‍ അഞ്ച് വിക്കറ്റുണ്ട്.

നേരത്തെ ബുംറയുടേയും അശ്വിന്റേയും ബൗളിങ് മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയെ 235 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റിന് 191 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുകയായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്കിനെ (15) ബുംറയും ട്രാവിസ് ഹെഡിനേയും (72) ഹെയ്സെല്‍വുഡിനേയും (0) മുഹമ്മദ് ഷമിയും പുറത്താക്കി. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ഷമിയും ഇഷാന്ത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 167 പന്തില്‍ ആറു ഫോറിന്റെ അകമ്പടിയോടെ 72 റണ്‍സടിച്ച ട്രാവിസ് ഹെഡാണ് ഓസീസിന്റെ സ്‌കോര്‍ 200 കടത്തിയത്. ഹെഡ് തന്നെയാണ് ടോപ്പ് സ്‌കോററും. കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമാപൂര്‍വ്വം നേരിടുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശര്‍മ്മ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. പിന്നീട് മാര്‍കസ് ഹാരിസും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓസീസിനെ കര കയറ്റാന്‍ നോക്കി. എന്നാല്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 57 പന്തില്‍ 26 റണ്‍സായിരുന്നു ഹാരിസിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ രണ്ട റണ്‍സെടുത്ത മാര്‍ഷിനേയും അശ്വിന്‍ പുറത്താക്കി. അടുത്ത ഊഴം ഉസ്മാന്‍ ഖ്വാജയുടേതായിരുന്നു. 125 പന്ത് നേരിട്ട് ക്ഷമാപൂര്‍വ്വം ബാറ്റുവീശിയ ഖ്വാജ 28 റണ്‍സെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ്. ഇതോടെ നാല് വിക്കറ്റിന് 87 റണ്‍സെന്ന നിലയിലായി ഓസീസ്.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പും ഹെഡും ഒത്തുചേര്‍ന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 റണ്‍സുമായി ഹാന്‍ഡ്‌സ്‌കോമ്പ് മടങ്ങിയതോടെ ക്രീസിലെത്തിയ ടിം പെയ്ന്‍ വേഗത്തില്‍ പുറത്തായി. അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ഹെഡ്, കുമ്മിന്‍സുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

പൂജാരയുടെ പ്രകടനമാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ രക്ഷിച്ചത്. ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ന്നു തരിപ്പണമായ ഇന്ത്യയെ ചേതേശ്വര്‍ പൂജാര കര കയറ്റുകയായിരുന്നു. ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ക്ലാസ് ഇന്നിങ്സുമായി പൂജാര പിടിച്ചുനിന്നു. മൂന്നാമതായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 123 റണ്‍സാണ് പൂജാര നേടിയത്.

pathram:
Related Post
Leave a Comment