അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടെ വിവാദ നീക്കവുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. ഇന്ത്യയുടെ രണ്ടാമിന്നിങ്സിനിടെയാണ് ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ ഔട്ടിനായി പെയ്ന്‍ വാദിച്ചത്. പതിനെട്ടാം ഓവറിലായിരുന്നു സംഭവം. രണ്ടാം ഇന്നിങ്സില്‍ കെ.എല്‍ രാഹുലും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ബാറ്റിങ് പുരോഗമിച്ചുകൊണ്ടിരിക്കെ നഥാന്‍ ലിയോണ്‍ എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്ത് രാഹുലിന്റെ പാഡില്‍ തട്ടി കാലിന് സമീപം വീണു. ആ പന്ത് കൈ കൊണ്ടെടുത്ത് രാഹുല്‍ ലിയോണിന് എറിഞ്ഞുകൊടുത്തു. എന്നാല്‍ ഇതേസമയം പന്തെടുക്കാനായി പെയ്ന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ക്രീസിലേക്ക് വന്നു.
രാഹുല്‍ പന്തെടുക്കുന്നതു കണ്ട പെയ്ന്‍ അമ്പയറോട് ഔട്ടിന് വേണ്ടി വാദിക്കുകയായിരുന്നു. ഹാന്‍ഡ്ലിംഗ് ദ ബോള്‍ നിയമപ്രകാരം രാഹുല്‍ ഔട്ടല്ലേ എന്നായിരുന്നു പെയ്ന്‍ അമ്പയറോട് ചോദിച്ചത്. എന്നാല്‍ അമ്പയര്‍ ഔട്ടല്ലെന്ന് വിശദമാക്കി. തുടര്‍ന്ന് രാഹുലിന് അടുത്തുണ്ടായിരുന്ന ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരോട് രാഹുല്‍ പന്ത് കൈ കൊണ്ട് തടുത്തിട്ടോ എന്ന് പെയ്ന്‍ അന്വേഷിച്ചു. ഉറപ്പിച്ചൊരു മറുപടി പറയാനാകില്ലെന്ന് ഫീല്‍ഡര്‍മാര്‍ പറഞ്ഞതോടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റമ്പിന് പിന്നിലേക്ക് തന്നെ മടങ്ങി.
Leave a Comment