പറന്നുയര്‍ന്ന് കണ്ണൂര്‍; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു; ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു

കണ്ണൂര്‍: കേരളത്തിന്റെ മൂന്നാകണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് രാവിലെ 9.55ന് കൊടിവീശി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനംചെയ്യും. ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം 9.30ന് ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തിന് ഇരുവരും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ കലാപരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയാണ്.

2350 കോടി രൂപ ചെലവിലാണ് ഉത്തരമലബാറിന്റെ സ്വപ്ന പദ്ധതി ഒരുങ്ങിയിരിക്കുന്നത്. 3050 മീറ്റര്‍ റണ്‍വേ, 20 വിമാനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം, 6 എയ്‌റോബ്രിജുകള്‍, നാവിഗേഷനുവേണ്ടി ഡിവിഒആര്‍, മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎല്‍എസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റിക്ക് 5 കോടി രൂപ വീതം വിലയുള്ള നാലു ഫയര്‍ എന്‍ജിനുകള്‍ എന്നിവയെല്ലാം കണ്ണൂരിനെ വേറിട്ടുനിര്‍ത്തും. റണ്‍വേ നീട്ടുന്നതോടെ 22 വിമാനങ്ങള്‍ക്കു കൂടി പാര്‍ക്കിങ് സൗകര്യം ലഭ്യമാവും.

ഒരുലക്ഷം സ്‌ക്വയര്‍ മീറ്ററിലേറെ വിസ്തൃതിയിലാണു ടെര്‍മിനല്‍ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇതില്‍ 24 ചെക്ക് ഇന്‍ കൗണ്ടറുകള്‍ (ഭാവിയില്‍ 48), 16 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 8 കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുണ്ട്. ഇന്‍ലൈന്‍ എക്‌സ്‌റേയും സെല്‍ഫ് ചെക്ക് ഇന്‍ സൗകര്യവും കൂടാതെ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നു ചെക്ക് ഇന്‍ ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ബാഗേജ് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടിയും വരില്ല. 700 കാറുകളും 200 ടാക്‌സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.

35 ശതമാനമാണു കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരി. ഭാരത് പെട്രോളിയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്ക്കും ഓഹരികളുണ്ട്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ 6700ലേറെ ഓഹരിയുടമകള്‍. പ്രതിവര്‍ഷം 250 കോടി രൂപയാണു വിമാനത്താവളത്തിന്റെ നടത്തിപ്പു ചെലവ് പ്രതീക്ഷിക്കുന്നത്.

റണ്‍വേ 4000 മീറ്ററിലേക്കു നീട്ടാനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എത്ര മണിക്കൂറുകള്‍ പറക്കണം എന്നതിനെ ആശ്രയിച്ചാണു വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നത്. ഇന്ധനത്തിന്റെ അളവിന് റണ്‍വേയുടെ നീളവുമായി ബന്ധമുണ്ട്. ഇപ്പോള്‍ ജിദ്ദ വരെയോ, ഹോങ്കോങ് വരെയോ ഉള്ള വിമാന സര്‍വീസിനെക്കുറിച്ചു മാത്രമേ കിയാല്‍ ആലോചിക്കുന്നുള്ളൂ. അതിന് ഇപ്പോഴത്തെ 3050 മീറ്റര്‍ റണ്‍വേ പര്യാപ്തമാണ്. എന്നാല്‍ നാളെ യൂറോപ്പിലേക്കോ, അമേരിക്കയിലേക്കോ നേരിട്ടു പറക്കാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കാണണം. അടുത്ത ഘട്ടത്തില്‍ 4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാകുന്നതോടെ അതിനു കഴിയും.

രണ്ടാമത് ഒരു റണ്‍വേയ്ക്കുള്ള സ്ഥലം കൂടി വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്. രണ്ടു റണ്‍വേകളുള്ള വിമാനത്താവളത്തില്‍ രണ്ടും തമ്മില്‍ ഒരു കിലോമീറ്റര്‍ അകലം വേണമെന്നാണു മാനദണ്ഡം. അതു കണ്ണൂരില്‍ സാധ്യമാകും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ വിമാനത്താവളമാണ് കണ്ണൂരിലേത്. സൗരോര്‍ജ പദ്ധതിയും അതിന്റെ ഭാഗമായി വരും. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത മുഴുവന്‍ സ്ഥലവും സൗരോര്‍ജ പദ്ധതിക്കായി പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നതെന്നു കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.എം. തുളസീദാസ് പറഞ്ഞു.

കുടക് മേഖലയിലുള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. മൈസൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്കുപോലും ബെംഗളൂരുവിനേക്കാള്‍ അടുത്തുള്ളത് കണ്ണൂര്‍ വിമാനത്താവളമാണ്. കുടകിന്റെ തനത് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും വിമാനത്താവളം വലിയ അവസരമൊരുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7