കൊച്ചി: കലിപ്പി’ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ ശരിക്കും മനസിലായി.”കപ്പടിക്കണം…കലിപ്പടക്കണം…” കഴിഞ്ഞ സീസണില്‍ ആരാധകര്‍ ആവേശത്തോടെ പറഞ്ഞ ഡയലോഗിലെ ‘കലിപ്പി’ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ശരിക്കും മനസ്സിലായത് ഇപ്പോഴാണ്. ടീമിന്റെ മോശം ഫോമില്‍ ചങ്ക് തകര്‍ന്ന് ആരാധകരില്‍ പലരും ജംഷേദ്പുരിനെതിരായ കളി ബഹിഷ്‌കരിച്ചപ്പോള്‍ എത്തിയ ചിലരാകട്ടെ ബാനറുകളിലൂടെ പ്രതിഷേധവും സങ്കടവും ടീമിനെ അറിയിക്കുകയും ചെയ്തു. 8451 പേര്‍ മാത്രമാണ് ഇന്നലെ കളി കാണാന്‍ വന്നത്.
‘സപ്പോര്‍ട്ടേഴ്‌സ്… നോട്ട് കസ്റ്റമേഴ്‌സ്…’ എന്ന ബാനറും ‘വി ഡിസര്‍വ് ബെറ്റര്‍’ എന്ന ബാനറും ഉയര്‍ത്തിയാണ് മഞ്ഞപ്പടയുടെ ഗാലറിയില്‍ ആരാധകര്‍ കളി കാണാനിരുന്നത്.
ടീം ലൈനപ്പ് പ്രഖ്യാപിച്ചപ്പോഴും പരിശീലനത്തിനായി ടീം മൈതാനത്തേക്ക് എത്തിയപ്പോഴും തണുത്ത പ്രതികരണം തന്നെയായിരുന്നു കാണികളുടേത്. സാധാരണഗതിയില്‍ വൈകുന്നേരംതന്നെ നിറയുന്ന മഞ്ഞപ്പടയുടെ ഗാലറിയില്‍ കളി തുടങ്ങുന്ന നേരത്തും കാണികള്‍ ശുഷ്‌കമായിരുന്നു. സാധാരണ ഗതിയില്‍ മഞ്ഞക്കുപ്പായമണിഞ്ഞ് എത്തിയിരുന്ന പലരും ചൊവ്വാഴ്ച മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയതും പ്രതിഷേധത്തിന്റെ അടയാളങ്ങളായിരുന്നു.
മലയാളി താരങ്ങളുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ പോലും തണുത്ത മട്ടില്‍ സ്വീകരിച്ച കാണികളുടെ സമീപനത്തില്‍ നിരാശയും സങ്കടവും ഒരുപോലെ നിഴലിച്ചിരുന്നു.കാണികള്‍ കൈവിട്ട ബ്ലാസ്റ്റേഴ്‌സ് കച്ചവടക്കാര്‍ക്ക് സമ്മാനിച്ചതും മോശം ദിവസം തന്നെയായിരുന്നു. രാവിലെ മുതല്‍ ജേഴ്‌സി വില്പനയ്ക്കെത്തിയവരുടെ സങ്കടം വൈകുന്നേരമായതോടെ പാരമ്യത്തിലെത്തി.
”ഇന്ന് കച്ചവടം ഒട്ടും നടന്നില്ല. രാവിലെ തന്നെ ഞങ്ങള്‍ എത്തിയതാണെങ്കിലും ഇന്ന് ഒരു ഈച്ച പോലും ഈ വഴി വന്നില്ല. സാധാരണഗതിയില്‍ ഉച്ച കഴിയുമ്പോള്‍ ജേഴ്‌സി വാങ്ങാന്‍ നല്ല തിരക്കുണ്ടാകാറുണ്ട്. ഇന്ന് വൈകുന്നേരമായിട്ടും കാര്യങ്ങളെല്ലാം മോശമാണ്. ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ കളിച്ചാല്‍ ഉള്ള ആരാധകര്‍ പോലും അവരെ കൈവിടും. ബ്ലാസ്റ്റേഴ്‌സ് ജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. എന്നിട്ടും അവര്‍ ഇങ്ങനെയാണല്ലോ കളിക്കുന്നത്…” അടുക്കിവച്ചിരിക്കുന്ന ജേഴ്‌സികള്‍ക്കു മുന്നില്‍നിന്ന് സംസാരിക്കുമ്പോള്‍ ആന്റണി എന്ന കച്ചവടക്കാരന്റെ മുഖത്ത് സങ്കടവും നിരാശയും ഒരുപോലെയുണ്ടായിരുന്നു.
സ്റ്റേഡിയത്തിനു പുറത്തെ കാഴ്ചകള്‍ ഇതായിരുന്നെങ്കില്‍ സ്റ്റേഡിയത്തിലേക്ക് അടക്കുന്തോറുമുള്ള കാഴ്ചകളിലും രംഗങ്ങളെല്ലാം ശോകം തന്നെ. സുരക്ഷാ ചുമതലയുള്ളവരെല്ലാം പലയിടത്തും വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ആരെങ്കിലും കടന്നുവന്നാലും കാര്യമായ പരിശോധനയില്ലാതെ എല്ലാവരെയും കടത്തിവിടുന്നു. നേരത്തെ സുരക്ഷയുടെ പേരില്‍ സ്റ്റേഡിയത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്നവരാണ് ചൊവ്വാഴ്ച സ്വാഗതഗാനവുമായി കാണികളെ കാത്തുനിന്നത്.
സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്കും കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ജനങ്ങള്‍ വന്നിട്ടുവേണ്ടേ അവരെ നിയന്ത്രിക്കാനെന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു പോലീസുകാരില്‍ പലരും. വി.ഐ.പി. കവാടത്തില്‍ വിശിഷ്ട വ്യക്തികള്‍ക്ക് സ്വാഗതമോതാന്‍ ചെണ്ടമേളവുമായി നിന്നവര്‍ക്കും ഇത്തവണ വലിയ വിശ്രമം കിട്ടി. സാധാരണഗതിയില്‍ ഇടതടവില്ലാതെ കൊട്ടേണ്ടിവന്ന അവര്‍ക്ക് ചൊവ്വാഴ്ച വല്ലപ്പോഴും മാത്രമേ ചെണ്ടമേളം മുഴക്കേണ്ടി വന്നുള്ളൂ.