മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ആശംസകളുമായി ബിസിസിഐ. ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. രണ്ട് ലോകകപ്പുകളില്‍ ടോപ് സ്കോററായും ടെസ്റ്റ്- ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാമനായും 14 വര്‍ഷം നീണ്ട തിളക്കമാര്‍ന്ന കരിയറിനൊടുവിലാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്കോററായി. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റുറപ്പിക്കാന്‍ താരത്തിനായില്ല.
ഐപിഎല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012ലും 2014ലും ചാമ്പ്യന്മാരാക്കി. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിരന്തരം തഴയപ്പെട്ടു എന്ന് ആരാധകര്‍ കരുതുന്ന താരം കൂടിയാണ് ഗംഭീര്‍.