സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പുര്‍ എഫ്സിയോട് 1-1 സമനില. കാര്‍ലോസ് കാല്‍വോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിനെ സീമിന്‍ലെന്‍ ദംഗലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് പിടിച്ചുകെട്ടുകയായിരുന്നു. തുറന്നു കിട്ടയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്റ്റേഴ്സിന് മൂന്ന് തോല്‍വിയും നേരിടേണ്ടി വന്നു. 11 മത്സരങ്ങളില്‍ 16 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ജംഷഡ്പുര്‍.
65ാം മിനിറ്റില്‍ ലഭിച്ച വിവാദ പെനാല്‍റ്റിയാണ് ജംഷ്ഡപുരിന് ലീഡ് സമ്മാനിച്ചത്. അഡ്വാന്‍സായി വന്ന് പന്തിനായി ജംഷഡ്പുര്‍ ഫോര്‍വേഡ് ടിം കാഹില്‍ മുന്നോട്ട് ഓടിക്കയറി. പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങും. പ്രതിരോധിക്കുന്നതില്‍ ധീരജ് വിജയിച്ചെങ്കിലും റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ റിപ്ലേകളില്‍ ഫൗള്‍ നടന്നത് ബോക്സിന് പുറത്താണെന്ന് വ്യക്തമായിരുന്നു. കിക്കെടുത്ത കാല്‍വോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0.
77ാം മിനിറ്റില്‍ ദംഗലിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ജംഷഡ്പുര്‍ ബോക്സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ദംഗല്‍ ഗോള്‍ നേടി. സ്റ്റൊജാനോവിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. അവസാനം മിനിറ്റില്‍ മാരിയോ അര്‍ക്വസിന്റെ ഹെഡ്ഡര്‍ ധീരജ് തട്ടിയിട്ടതോടെ മത്സരത്തിന് അവസാന വിസില്‍ മുഴങ്ങി.
ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സ് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് വിനയായത്. 21ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം. മൈതാന മധ്യത്തില്‍ നിന്നും പന്തുമായി മുന്നേറിയ കെസിറോണ്‍ കിസിറ്റോ ജംഷഡ്പുര്‍ ബോക്സിലേക്ക്. എന്നാല്‍ മറ്റുതാരങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് സഹലിന്റെ കാലിലേക്ക്. ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ വീണു കിടക്കെ സഹല്‍ എടുത്ത ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു.
34ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി. ഇത്തവണ തുലച്ചത് ദംങ്കലായിരുന്നു. വലത് വിങ്ങില്‍ നിന്ന് ഹാളിചരണ്‍ നര്‍സാരി നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ തട്ടിയിട്ടു. എന്നാല്‍ സമനിലെ തെറ്റിയ സുബ്രതോയ്ക്ക് ഗ്രൗണ്ടില്‍ നിന്ന് എണീക്കാന്‍ സാധിച്ചില്ല. പന്തെത്തിയത് ദംങ്കലിന്റെ കാലിലേക്കും. താരം ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ ലൈനില്‍ പ്രതിരോധതാരം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പൂനെ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Similar Articles

Comments

Advertismentspot_img

Most Popular

445428397