മലപ്പുറം: കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചയ്ക്കായി സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നല്‍കിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും ‘ഉച്ചക്കഞ്ഞി’ എന്നുതന്നെ വിളിക്കുകയും രേഖകളില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭാസ വകുപ്പിന്റെ ഉത്തരവ്. ഇതുസബന്ധിച്ച് സ്‌കൂളുകളിലെ വിവിധ സമിതികള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്.
ഉച്ചക്കഞ്ഞി രജിസ്റ്ററും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരെ കഞ്ഞി ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
1984 ഡിസംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. അതിനുമുന്‍പ് കാല്‍നൂറ്റാണ്ടുകാലം കെയര്‍ (കോര്‍പ്പറേറ്റ് അസിസ്റ്റന്‍സ് ഫോര്‍ റിലീഫ് എവരിവേര്‍) എന്ന പദ്ധതിയിലൂടെ ഹ്യുമാനിറ്റേറിയന്‍ എന്ന ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു സ്‌കൂളുകളിലെ ഭക്ഷണവിതരണം.
സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാനും എല്ലാവരുടെയും വിശപ്പകറ്റാനുമാണ് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയത്. കുറേക്കാലം ഇതിലൂടെ ഉച്ചയ്ക്ക് കഞ്ഞിയും പയറും മാത്രമാണ് നല്‍കിയത്. എന്നാല്‍ 2001 നവംബര്‍ മാസത്തെ കോടതിവിധിയോടെ രാജ്യത്താകമാനം കുട്ടികള്‍ക്കാവശ്യമായ എല്ലാ പോഷകാംശങ്ങളും അടങ്ങിയ ഭക്ഷണം നല്‍കണമെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുകയും 2006-ല്‍ പുതിയ മാര്‍ഗരേഖ ഇറക്കുകയും ചെയ്തു.
നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരുദിവസം കോഴിമുട്ടയും നല്‍കുന്നുണ്ട്.