മുംബൈ: ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീം. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗില്‍ ഗോകുലം എഫ്.സിയും മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീമുണ്ട്. ഫെബ്രുവരിയില്‍ ആദ്യ സീസണ് തുടക്കം കുറിക്കാനൊരുങ്ങുന്ന പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമാണ് കേരളത്തിന്റെ പ്രതിനിധികള്‍.
യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, അഹമ്മദാബാദ് ഡിഫെന്റേഴ്സ് എന്നിവയാണ് മറ്റു ടീമുകള്‍. ഫെബ്രുവരി രണ്ട് മുതല്‍ 22 വരെ കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോട്ടെ ഐ.ടി. കമ്പനിയായ ബീക്കോണ്‍ ഗ്രൂപ്പാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമകള്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വകയാണ്.
ലേലത്തിലൂടെയാണ് ഓരോ ടീമും കളിക്കാരെ തിരഞ്ഞെടുക്കുക. വിദേശ കളിക്കാര്‍ക്ക് ലേലമുണ്ടാകില്ല. ഓരോ ടീമിനും രണ്ട് വിദേശ താരങ്ങളെ കളിപ്പിക്കാം. യു.എസ്.എ, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാവും താരങ്ങള്‍ എത്തുക. ഒരു ടീമിലും 12 കളിക്കാരെ എടുക്കാം. ഇതില്‍ രണ്ട് പേര്‍ വിദേശികളാകാം. രണ്ട് പേര്‍ ജൂനിയര്‍ കളിക്കാരായിരിക്കണം.
കളിക്കാരുടെ ലേലം ഡിസംബര്‍ 14-ന് മുംബൈയിലോ ഡല്‍ഹിയിലോ നടക്കും. 75 ലക്ഷം രൂപയാണ് കളിക്കാര്‍ക്ക് വേണ്ടി ഒരു ടീമിന് ആകെ മുടക്കാവുന്ന തുക. വിദേശ കളിക്കാരന് 15 മുതല്‍ 20 ലക്ഷം രൂപ വരെ ഒരു ടീമിന് മുടക്കാം. ടീമിലെ മാര്‍ക്കി താരത്തിന് 15 മുതല്‍ 18 ലക്ഷം വരെയാകാം. ഇന്ത്യന്‍ താരങ്ങള്‍ക്ക് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെ മുടക്കാം.
ആദ്യ ഘട്ടത്തില്‍ ആറു ടീമുകളും പരസ്പരം ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ ഏറ്റവും മുകളിലെത്തുന്ന നാലു ടീമുകള്‍ സെമിയിലേക്ക് കയറും. 15 റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം രണ്ട് സെമിയും ഫൈനലുമായി ആകെ 18 മത്സരങ്ങള്‍. ഇതില്‍ ഒന്‍പത് ലീഗ് മത്സരങ്ങള്‍ കൊച്ചിയിലും, ആറ് ലീഗ് മത്സരങ്ങള്‍, സെമി, ഫൈനല്‍ എന്നീ മത്സരങ്ങള്‍ ചെന്നൈയിലും നടക്കും. ഫെബ്രുവരി രണ്ടിന് കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാകും ഉദ്ഘാടനം നടക്കുക. സോണി സിക്സ്, സോണി ടെണ്‍ -3 ചാനലുകളില്‍ രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെ പ്രോ വോളി ലീഗ് സംപ്രേക്ഷണം ചെയ്യും.