ഓസീസ് തന്നെ അടിച്ചൊതുക്കുമ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍

സിഡ്‌നി: ബ്രിസ്‌ബേനില്‍ നടന്ന ഒന്നാം ട്വന്റി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തില്‍ തന്നെ അടിച്ചൊതുക്കുമ്പോള്‍, ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ കളിയാക്കി ചിരിക്കുകയായിരുന്നുവെന്ന് ക്രുനാല്‍ പാണ്ഡ്യ. ക്രുനാല്‍ പാണ്ഡ്യയുടെ സഹോദരന്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ എന്റെ ‘പ്രകടനം’ കണ്ട് അവന്‍ ചിരിച്ചുമറിഞ്ഞു. തിരിച്ച് അവനിട്ടാണ് ഇങ്ങനെ ‘അടി’ കിട്ടുന്നതെങ്കില്‍ താനും അതു തന്നെ ചെയ്‌തേനെയന്നും ക്രുനാല്‍ പറഞ്ഞു. സിഡ്‌നി ട്വന്റി20യില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ പ്രകടനത്തിനുശേഷം സംസാരിക്കുകായിരുന്നു ക്രുനാല്‍.
ക്രുനാല്‍ ഇന്ത്യന്‍ ടീമില്‍ പുതുമുഖമാണെങ്കിലും ഇളയ സഹോദരനായ ഹാര്‍ദിക് പാണ്ഡ്യ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. നിലവില്‍ പരുക്കുമൂലം വിശ്രമിക്കുന്ന ഹാര്‍ദിക്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്‍പ് കായികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടീമിലെത്തിയ ക്രുനാലാകട്ടെ, ആറാമത്തെ മാത്രം ട്വന്റി20 മല്‍സരത്തിലാണ് കളിയിലെ കേമന്‍ പട്ടം നേടിയത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ക്രുനാലിന് പുരസ്‌കാരം നേടിക്കൊടുത്തത്.
‘ക്രിക്കറ്റിനെക്കുറിച്ച് ഞാനും ഹാര്‍ദിക്കും കാര്യമായി സംസാരിക്കാറില്ല. ഇത്തവണ ഞങ്ങള്‍ സംസാരിച്ചിരുന്നു. അതുപക്ഷേ, നാല് ഓവറില്‍ 50ല്‍ അധികം റണ്‍സ് വഴങ്ങിയതിന് എന്നെ കളിയാക്കാനായിരുന്നു. അവന്റെ പ്രകടനം മോശമാകുമ്പോള്‍ ഇതിലും ക്രൂരമായി ഞാനും കളിയാക്കാറുള്ളതാണ്’ ക്രുനാല്‍ പറഞ്ഞു.
‘ബ്രിസ്‌ബേനില്‍ നാല് ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്തത് എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ആ മല്‍സരത്തിനുശേഷം അടുത്ത 24 മണിക്കൂര്‍ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല. മികച്ച പ്രകടനം നടത്താന്‍ എനിക്കു സാധിക്കുമെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു’ ക്രുനാല്‍ പറഞ്ഞു.
‘രാജ്യാന്തര തലത്തില്‍ അവസരം കിട്ടി ടീമില്‍ ഇടം നേടാന്‍ ശ്രമിക്കുമ്പോള്‍ നാല് ഓവറില്‍ അന്‍പതില്‍ അധികം റണ്‍സ് വിട്ടുകൊടുക്കുന്നത് എത്ര വേദനാജനകമാണ്. എനിക്കു വളരെ നിരാശ തോന്നിയിരുന്നു. എന്തായാലും ഈ നിരാശയില്‍നിന്ന് മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ട്. അടുത്ത രണ്ടു മല്‍സരങ്ങളിലും പുറത്തെടുക്കാനായ പ്രകടനം എന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ആത്യന്തികമായി ട്വന്റി20 ഇങ്ങനെയാണ്. ഒരു ദിവസം നിങ്ങള്‍ക്ക് നല്ല പ്രഹരം കിട്ടും. മറ്റൊരു ദിവസം വിക്കറ്റുകളും’ ക്രുനാല്‍ പറഞ്ഞു.
തീര്‍ത്തും മോശമായ പ്രകടനത്തിനുശേഷം ഇതുപൊലുള്ളൊരു പ്രകടനവുമായി നടത്തുന്ന തിരിച്ചുവരവ് എക്കാലവും വളരെ സംതൃപ്തി നല്‍കുന്നതാണ്. ഒരു ദിവസം നമ്മള്‍ തീര്‍ത്തും മോശമായിപ്പോവുകയും മറ്റൊരു ദിവസം അതേ എതിരാളികള്‍ക്കെതിരെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമാണോ? എന്തായാലും രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനാണ് ഞാനെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ പറ്റി. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പ്രയാണത്തിന് എനിക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് ഇത്’ ക്രുനാല്‍ വ്യക്തമാക്കി.
ഒരുവശത്ത് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദിലാക്കി കുല്‍ദീപ് യാദവ് നടത്തിയ ബോളിങ് പ്രകടനമാണ് വിക്കറ്റെടുക്കാന്‍ തന്നെ സഹായിച്ചതെന്നും ക്രുനാല്‍ പറഞ്ഞു. ‘നമ്മുടെ സ്പിന്‍ പങ്കാളി മികച്ച രീതിയില്‍ ബോള്‍ ചെയ്യുമ്പോള്‍ അതിന്റെ ഗുണം കിട്ടുന്നത് നമുക്കു കൂടിയാണ്. പരസ്പരം ആശയങ്ങള്‍ പങ്കുവച്ചാണ് ഞങ്ങള്‍ ബോള്‍ ചെയ്തത്. ഓരോ മല്‍സരങ്ങള്‍ക്കുശേഷവും ബോളിങ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചില ടിപ്പുകള്‍ കുല്‍ദീപ് എനിക്കു നല്‍കാറുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബോള്‍ ചെയ്യാന്‍ എന്നെ സഹായിക്കുന്നതു കുല്‍ദീപാണ്. ഒരുവശത്ത് അദ്ദേഹം എതിരാളികളെ സമ്മര്‍ദ്ദിലാക്കിയതോടെയാണ് മറുവശത്ത് എനിക്കു വിക്കറ്റുകള്‍ നേടാനായത്. എന്റെ പ്രകടനം നന്നായിട്ടുണ്ടെങ്കില്‍ അതില്‍ കുല്‍ദീപിനും വലിയ പങ്കുണ്ട്’ ക്രുനാല്‍ പറഞ്ഞു

pathram:
Related Post
Leave a Comment