ഓസീസിനെതിരായ ട്വന്റി 20 മത്സരം; കോഹ് ലിയ്ക്ക് പുതിയ റെക്കോര്‍ഡ്

സിഡ്നി: ഓരോ കളിയും അവസാനിക്കുമ്പോള്‍ പുതിയ പുതിയ റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സ്വന്തമാക്കുന്നത്. ഇത്തവണയും അതിന് മാറ്റം സംഭവിച്ചില്ല.
ഓസീസിനെതിരായ ട്വന്റി 20 മത്സരത്തിലും കോഹ് ലി പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. ട്വന്റി 20-യില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോലി ഇന്നലെ സ്വന്തമാക്കിയത്. ഓസീസിനെതിരേ കളിച്ച 14 മത്സരങ്ങളിലെ 13 ഇന്നിങ്സുകളില്‍ നിന്നായി 476 റണ്‍സ് കോലി സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താനെതിരേ കളിച്ച 15 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് കോലി ഞായറാഴ്ച മറികടന്നത്.
ഓസീസിനെതിരേ കോലി നേടിയ അഞ്ചാം അര്‍ധസെഞ്ചുറിയായിരുന്നു സിഡ്നിയിലേത്. ട്വന്റി 20-യില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയ്ക്കൊപ്പം സ്വന്തമാക്കാനും കോലിക്കായി. ബംഗ്ലദേശിനെതിരെയാണ് കുശാല്‍ പെരേര അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയത്.
സിഡ്നിയിലേത് കോലിയുടെ 19-ാം ട്വന്റി 20 അര്‍ധ സെഞ്ചുറിയായിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ കോലി, രോഹിത് ശര്‍മയ്ക്കൊപ്പമെത്തി. രോഹിത്തിന് ഈ നേട്ടത്തിലെത്താന്‍ 90 മത്സരങ്ങള്‍ വേണ്ടി വന്നപ്പോള്‍ കോലി വെറും 65 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി.
റണ്‍സ് പിന്തുടരുമ്പോള്‍ കോലി പുലര്‍ത്തുന്ന ജാഗ്രതയും ആക്രമണോത്സുകതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. റണ്‍സ് പിന്തുടരുമ്പോള്‍ കോലി നേടുന്ന 13-ാം അര്‍ധ സെഞ്ചുറിയായിരുന്നു സിഡ്നിയിലേത്. ഇക്കാര്യത്തിലും ട്വന്റി 20-യില്‍ കോലിയെ വെല്ലാന്‍ മറ്റാരുമില്ല.

pathram:
Related Post
Leave a Comment