തിരുവനന്തപുരം : ശബരിമലയില്‍ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനിടെ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു കേരള പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ പോലീസ് ഒരിക്കലും അപമര്യാദയായി പെരുമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്‍ രാധാകൃഷ്ണനോട് ആദരവോടെ തന്നെയാണു പൊലീസ് സംസാരിച്ചത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണു ശബരിമലയില്‍ നടപ്പാക്കിയത്. മറിച്ചുള്ള ആരോപണം പൊലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിനു മുന്‍പാണു വിളിച്ചത്. അപ്പോള്‍ സര്‍ക്കാര്‍ നിലപാട് വിശദമാക്കി. ഹൈക്കോടതി പൊലീസിനേയോ സര്‍ക്കാരിനേയോ വിമര്‍ശിച്ചിട്ടില്ല. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ നേരിടാന്‍ പൊലീസിന് അധികാരമുണ്ടെന്നാണ് ഉത്തരവ്. വാദത്തിനിടെ ഉയര്‍ന്ന ചോദ്യങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശനമായി ചിത്രീകരിച്ചതാണ്. 14 പേജുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു വിമര്‍ശനവുമില്ലെന്നും പിണറായി വിശദീകരിച്ചു. പ്രളയ പുനര്‍നിര്‍മാണത്തിനിടെ സംസ്ഥാനത്തുള്ള ഐക്യം തകര്‍ക്കാന്‍ അനുവദിക്കരുത്. മതനിരപേക്ഷതയും നവോഥാന മൂല്യങ്ങളുമാണ് ഐക്യത്തിന്റെ അടിസ്ഥാനം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സഹായം നല്‍കുന്നതില്‍ കേന്ദ്രം ഗുരുതര അലംഭാവം കാട്ടുന്നു. സംസ്ഥാനം എല്ലായ്‌പോഴും സഹകരിച്ചാണു പോയത്, കേന്ദ്രത്തിന്റെ പ്രതികരണം മറിച്ചാണ്. അര്‍ഹതപ്പെട്ടതു കിട്ടിയില്ല, സഹായിക്കാന്‍ തയാറായവരെ കേന്ദ്രം മാനിച്ചുമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.