വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്സ് അഴിമതി കേസിലാണ് നടപടി. മലബാര്‍ സിമന്റ്സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം മുന്‍പ് നടന്ന കരാറിലെ അഴിമതി കേസിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. രണ്ട് കോടിയോളം വരുന്ന ആസ്തിവകകള്‍ കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു.
2004 മുതല്‍ 2008 വരെ മലബാര്‍ സിമന്റ്സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഈ തുകയ്ക്കായാണ് വി.എം രാധാകൃഷ്ണനില്‍ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.
രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടേയും വീടും മറ്റ് 20 ആസ്തിവകകളും കണ്ടുകെട്ടിയവയില്‍ പെടുന്നു. 11 അപ്പാര്‍ട്ട്മെന്റുകള്‍, രണ്ട് ഹോട്ടല്‍ സമുച്ഛയങ്ങള്‍ കോഴിക്കോടും വയനാടും പാലക്കാടുമുള്ള മറ്റ് ആസ്തിവകകള്‍ എന്നിവ കണ്ട് കെട്ടിയ പട്ടികയിലുണ്ട്.
23 കോടിയുടെ ആസ്തികളാണ് കണ്ടുകെട്ടിയതെങ്കിലും ഇപ്പോള്‍ ഇതിന്റെ വിപണി മൂല്യം ഏതാണ്ട് 100 കോടിയോളം വരുമെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. കരാര്‍ ഇടപടില്‍ മുംബൈയിലെ ഋഷി ടെക്ക് കമ്പനികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റിന്റെ താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് ഡല്‍ഹിയിലെ അപെക്സ് അതോറിറ്റികള്‍ അംഗീകരിച്ചാല്‍ വി.എം രാധാകൃഷ്ണന് ഈ ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും

Similar Articles

Comments

Advertismentspot_img

Most Popular