ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതികലെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന മുന്‍നിലപാടില്‍ നിന്നാണ് ദേവസ്വം പിന്‍മാറ്റം. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.
മനു അഭിഷേക് സിങ്വിക്കു പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്നു പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.
യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതില്‍ നേരിട്ട വൈഷമ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മിഷണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.
യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച തര്‍ക്കങ്ങളിലും കക്ഷി ചേര്‍ന്നിരുന്നില്ല. സര്‍ക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ചാണ് പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഈ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular