കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. വിദേശയാത്രയ്ക്ക് അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകുന്നതിനായി അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം കാലതാമസം വരാന്‍ ഇടവരുന്നത് ആക്രമണത്തിന് ഇരയായ നടിയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ഥമാണ് യാത്രയെന്നും ദീലീപ് വ്യക്തമാക്കുന്നു.
കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസ്സപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇത് ആസൂത്രിതമായ നീക്കമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.