ഗ്ലാസ് വാതില്‍ തകര്‍ന്നു വീണു; മത്സരത്തിനിടെ ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഇന്ത്യവിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു ഗ്ലാസ് വാതില്‍ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ വീണ് തകരുകയായിരുന്നു.

ഭാഗ്യം കൊണ്ട് ഇരുവരും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്‌സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കിയ സ്‌റ്റേഡിയമാണിത്. ഇവിടുത്തെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്.

ഇന്നു നടന്ന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇതോടെ 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

രോഹിത് ബാറ്റു കൊണ്ട് അടിച്ചൊതുക്കിയപ്പോള്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ എറിഞ്ഞിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് എടുത്തിരുന്നത്.

61 പന്തില്‍ നിന്ന് രോഹിത് 111 റണ്‍സെടുത്തു. 58 പന്തില്‍ നിന്നാണ് രോഹിത് തന്റെ നാലാം സെഞ്ചുറി നേടിയത്. ഏഴു സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡും ഇതോടെ രോഹിത് സ്വന്തമാക്കി.

11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് രാജ്യാന്തര ടിട്വന്റിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് മറികടന്നത്.

നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 123 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം 43 റണ്‍സെടുത്ത ധവാനെ അലന്‍ പുറത്താക്കി. പിന്നാലെ അഞ്ചു റണ്‍സെടുത്ത ഋഷഭ് പന്തും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ രാജ്യാന്തര ടിട്വന്റിയില്‍ 1000 റണ്‍സ് പിന്നിട്ടു. 42ാം മത്സരത്തിലാണ് ധവാന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.

14 പന്തില്‍ 26 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. വിന്‍ഡീസിനായി കീമോ പോളും അലനും വിക്കറ്റ് നേടി.

pathram:
Leave a Comment