നിര്‍ണായക തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

പമ്പ: മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കാറുള്ള തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. മണ്ഡലകാല ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചു നടക്കുന്ന വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് വിഷയത്തില്‍ വിശദീകരണം തേടിയതും യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നത് സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളള കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍.
തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ്് എ. പത്മകുമാര്‍ പറഞ്ഞു.
തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്റെ സംസ്ഥാന അധ്യക്ഷനെയും ആണെന്നും നടയടയ്ക്കുന്ന കാര്യത്തില്‍ താന്‍ നല്‍കിയ വാക്കാണ് ദൃഡമായ തീരുമാനമെടുക്കാന്‍ തന്ത്രിക്ക് ശക്തി നല്‍കിയത് എന്നുമായിരുന്നു യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിളളയുടെ പ്രസംഗം.

pathram:
Leave a Comment