തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംഘപരിവാര്‍ സമരത്തിനൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത്തരം സമരത്തോടു യോജിപ്പില്ല. എസ്എന്‍ഡിപിക്കു ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവില്ല. അമിത് ഷായ്ക്കു നാക്കുപിഴവു സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി വര്‍ക്കലയില്‍ പറഞ്ഞു.
എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.
വിശ്വാസികളുടെ ഒപ്പമാണ് ഞങ്ങള്‍. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകേണ്ടതില്ല. പ്രവര്‍ത്തനം കൊണ്ട് സുപ്രീം കോടതി വിധിയെ മറികടക്കാനാകുമെന്നു വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്നു നിര്‍ദേശം നല്‍കിയതായും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും യോജിച്ചു പോരാട്ടം നടത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച ആഹ്വാനം ചെയ്തിരുന്നു. ശിവഗിരിയില്‍ ശ്രീനാരായണഗുരുദേവ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങിലായിരുന്നു അമിത് ഷായുടെ വാക്കുകള്‍. എന്നാല്‍ ഇതേവേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി ഇന്നലെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇവിടെ കേട്ടതെല്ലാം നന്മയ്ക്ക് എന്നുമാത്രമായിരുന്നു അദ്ദേഹം ഇന്നലെ പറഞ്ഞത്.