ഫെമിനിച്ചി എന്ന് വിളിക്കുന്നവരോട് റിമയ്ക്ക് പറയാനുള്ളത്..!

ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കല്‍. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി.
”എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോള്‍, പ്രായമാകുമ്പോള്‍ അഭിനേതാക്കളെ സഹായിക്കാന്‍ എ.എം.എം.എ പ്രവര്‍ത്തിക്കുന്നുണ്ട്. അതുമാത്രം പോര, നിലനില്‍ക്കുന്നവരുടെ പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ തയ്യാറാകണം. ഒരുപാട് പേര്‍ എ.എം.എം.എക്ക് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെനിന്ന് എന്റെ പണി ചെയ്‌തോളാം. എനിക്കപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാകും. ശബ്ദമുണ്ടാകും.’
അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെടെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരെയും റിമ വിമര്‍ശിച്ചു. ”അവര്‍ തിരഞ്ഞെടുക്കുന്ന രണ്ട് സ്ത്രീകള്‍ എ.എം.എം.എയുടെ നിലപാടുകളെ പൂര്‍ണമായും അംഗീകരിക്കുന്ന രണ്ടുപേരായിരിക്കും. ആ രണ്ട് വനിതാപ്രതിനിധികള്‍ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായിട്ട് ഞാന്‍ കണ്ടിട്ടില്ല. പോട്ടെ, എന്തെങ്കിലുമൊരു വിയോജിപ്പ് യോഗത്തില്‍ പ്രകടിപ്പിച്ചിട്ടുപോലുമില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നതുകൊണ്ടുമാത്രം രണ്ടുപേരെ അവിടെ ഇരുത്തിയിട്ടുള്ളതാണ്. ഒരു രീതിയിലും തീരുമാനമെടുക്കാവുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല”, റിമ പറയുന്നു.
”ആകെ എ.എം.എം.എയുടെ യോഗത്തില്‍ എന്തെങ്കിലും ചെയ്തുകണ്ടിട്ടുള്ള അഭിനേത്രി പാര്‍വതിയാണ്. ഒരു മീറ്റിങ്ങില്‍ പാര്‍വതി ഒരിക്കല്‍ ഒരു സൈനിങ് നടത്തി. ഹെയര്‍ ഡ്രസേഴ്‌സ് അടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും ബാത്‌റൂം സൗകര്യം വേണമെന്നും പറഞ്ഞ് ഒപ്പുകള്‍ ശേഖരിച്ചു. യോഗത്തില്‍ സബ്മിറ്റ് ചെയ്തിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. ആ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല”

ഫെമിനിച്ചി എന്ന വിളിയെക്കുറിച്ചും റിമ മറുപടി പറയുന്നു: സ്ലട്ട് വാക്ക് ഉണ്ടല്ലോ. (റേപ്പ് കള്‍ച്ചറിനെതിരായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പ്രസ്ഥാനം). അവര്‍ അത്ര അഭിമാനത്തോടെയാണ് നടക്കുന്നത്. ഇറ്റ്‌സ് ഓകെ ടു ബി കാള്‍ഡ് അസ് എ സ്ലട്ട് എന്നാണ് അവര്‍ നിലപാടെടുക്കുന്നത്. സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ സ്ത്രീകളുടെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ അവരെ വേശ്യയെന്ന് വിളിക്കുന്നു. വിച്ച് എന്ന് വിളിക്കുന്നു, ഇപ്പോഴിതാ ഫെമിനിച്ച് എന്ന് വിളിക്കുന്നു. ഫെമിനിച്ച് എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനമുണ്ട്.
സിനിമയിലെ ‘സെക്‌സിസ്റ്റ് ഗാപിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം ഇങ്ങനെ: എവിടെ ശോഭന? എവിടെ രേവതിച്ചേച്ചി? എവിടെ ഉര്‍വശിച്ചേച്ചി? ഇതിന് മുന്‍പുണ്ടായിരുന്ന നടിമാരൊക്കെ എവിടെപ്പോയി? ടാലന്റ് ഇല്ലാത്തതുകൊണ്ടാണോ ഇവരൊന്നും ഇന്‍ഡസ്ട്രിയില്‍ ഇല്ലാത്തത്? അവര്‍ക്കൊപ്പം അഭിനയിച്ച പ്രായമുള്ള നടന്മാരുടെയൊപ്പം സ്ത്രീകള്‍, പെണ്‍കുട്ടികള്‍ അഭിനയിക്കുന്നു. ഇത് ബോളിവുഡിലുണ്ട്. സിനിമയില്‍ ഷാരൂഖ് ഖാനെപ്പോലുള്ള നടന്മാരുടെ അമ്മവേഷം ചെയ്യുന്ന നടിമാര്‍ക്ക് അഞ്ചോ പത്തോ വയസ്സിന്റെ വ്യത്യാസം മാത്രമേ കാണൂ. എന്നാല്‍ ആ നടന്മാരുടെ നായികമാരായി വരുന്ന നടിമാരാകട്ടെ നായകനെക്കാള്‍ ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സിന്റെ ചെറുപ്പമായിരിക്കും. നമുക്കത് ഓകയാണ്. അതേസമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരനെ നമ്മള്‍ തിരിച്ച് കാസ്റ്റ് ചെയ്യുന്നില്ല. അത് നമ്മെ സംബന്ധിച്ച് എന്തോ വലിയ പാതകമാണ്. അടി കിട്ടിയതുപോലെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular