പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ചു നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചുവെന്നാണ് വരാപ്പുഴയില്‍നിന്നുള്ള റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്റെ മകന്‍ വിഷ്ണു (26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം കടമക്കുടി പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതാണ്. നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിത്താണ വിഷ്ണുവിനു വേണ്ടി കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മുങ്ങല്‍ വിദഗ്ദ്ധരും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടുകിട്ടിയത്.
വിഷ്ണു ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ പോകുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കൂട്ടുകാര്‍ പോലീസിനോടു പറഞ്ഞു. അമ്മ: രാധാമണി. സഹോദരി: വിധുമോള്‍.

pathram:
Related Post
Leave a Comment